ആലപ്പുഴ: കമലമ്മയ്ക്കൊപ്പമാണ് മകൾ ഗീതാകുമാരി സദാസമയവും ചെലവഴിക്കുന്നത്. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും പ്രാർത്ഥനയിലും അമ്മയുടെ ഒപ്പമുണ്ടാകും ഈ മകൾ. രാത്രിയിൽ ഉറക്കം ഉണരുമ്പോൾ അടുത്ത് അമ്മയുണ്ടോ എന്ന് ഉറപ്പ് വരുത്തും. ഇതു കേൾക്കുമ്പോൾ പ്രൈമറി സ്കൂൾ വിദ്യാർത്ഥിയാണ് ഗീതാകുമാരിയെന്ന് കരുതരുത്. 45കാരിയാണ് ഗീതാകുമാരി. അമ്മ കമലമ്മയ്ക്ക് വയസ് 78ഉം.
ഈ അമ്മയുടെയും മകളുടെയും കഥ ആരുടെയും കണ്ണ് നനയിക്കും.
അമ്മേ വിട്ട് ഞാൻ എങ്ങും നിൽക്കില്ല, അമ്മയ്ക്കൊപ്പം ഞാനും വരും. ഗീതാകുമാരിയുടെ ശാഠ്യം കേട്ട് കമലമ്മ ഇടറിയ സ്വരത്തിൽ പറഞ്ഞു. മോളേ വിട്ട് ഞാൻ എങ്ങും പോകില്ല.
ഹരിപ്പാട് ആയാപറമ്പുള്ള ഗാന്ധിഭവനിൽ കഴിയുകയാണ് കൃഷ്ണപുരം കാപ്പിൽ ഈസ്റ്റിൽ ആലമ്പള്ളിത്തറയിൽ കമലമ്മയും മകളും. കൂലിപണിക്കാരനായ ആറന്മുള സ്വദേശി ശിവരാമ പിള്ളയായിരുന്നു ഭർത്താവ്. വിവാഹം കഴിഞ്ഞ് മൂന്നാം വർഷം ഭർത്താവ് മരിച്ചു. അതോടെ 30-ാം വയസിൽ കമലമ്മയുടെ ദാമ്പത്യത്തിന് വിരാമമായി. അന്ന് മകൾ ഗീതാകുമാരിയ്ക്ക് ഒന്നരവയസ് പ്രായം. മരണത്തിന് ശേഷം 17മാസം ഭർത്താവിന്റെ വീട്ടിൽ താമസിച്ചു. സംരക്ഷിക്കാൻ ആരും ഇല്ലാതെ വന്നതോടെ കമലമ്മയുടെ ചെങ്ങന്നൂർ കോടുകുളഞ്ഞിയിലുള്ള കുടുംബ വീട്ടിൽ താമസമായി. അച്ഛൻ ഒഴികെ മറ്റെല്ലാവരും കമലമ്മ വിവാഹം കഴിക്കണമെന്ന് നിർദേശിച്ചു. മകളെ നന്നായി വളർത്തണമെന്ന ചിന്തയിൽ വീണ്ടുമൊരു വിവാഹത്തിന് കമലമ്മ വഴങ്ങിയില്ല. കമലമ്മ വീട്ടുജോലിക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ മകളുടെ വിദ്യാഭ്യാസവും മറ്റു ചെലവുകളും നടത്തി മുന്നോട്ടുപോയി. 17വയസായപ്പോൾ ഗീതാകുമാരി എന്തോ കണ്ട് ഭയന്ന് മാനസിക നില തെറ്റിയതോടെ കമലമ്മയുടെ ജീവിതത്തിൽ വീണ്ടും വിധി ഇരുൾപടർത്തി. ചികിത്സ നടത്തിയെങ്കിലും രോഗം കുറഞ്ഞില്ല. ഇതിനിടെ ഭർത്താവിന്റെ സ്വത്ത് വിറ്റു കിട്ടിയ പണം കൊണ്ട് കൃഷ്ണപുരം കാപ്പിൽ സ്ഥലവും വീടും വാങ്ങി താമസം ആരംഭിച്ചു. ഇതിനിടെ കമലമ്മയുടെ പിതാവ് മരിച്ചു. ജീവിതം വഴിമുട്ടി. വീടിന് അടുത്തുള്ള അദ്ധ്യാപിക ഹേമ കാർത്തികപ്പള്ളി ലീഗൽസർവീസ് കമ്മിറ്റിയെ സമീപിച്ചതോടെയാണ് ഒന്നര വർഷം മുൻപ് ഹരിപ്പാട് ഗാന്ധിഭവൻ ഇരുവരുയും സംരക്ഷണ ചുമതല ഏറ്റെടുത്തത്. പ്രായത്തിന്റെ അവശതകൾ കമലമ്മയെ അലട്ടുന്നുണ്ട്. എന്നാൽ മകളെ കണ്ണിലെണ്ണയൊഴിച്ച് പരിചരിക്കുകയാണ് ഈ അമ്മ. മുന്നോട്ടു നോക്കുമ്പോൾ ഈ അമ്മയുടെ മനസിൽ ആശങ്കയുടെ കടലാണ്. താനില്ലാതായാൽ തന്റെ പൊന്നുമോൾക്ക് ആരുമില്ലാതാകുമല്ലോ എന്ന ആശങ്ക നിറയും.