അമ്പലപ്പുഴ: കൊവിഡ് നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി നടത്തിയ പൊതുചടങ്ങിൽ ആലപ്പുഴ നഗരസഭയുടെ പാർപ്പിട സമുച്ചയം ഉദ്ഘാടനം ചെയ്ത പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനും ചടങ്ങിന്റെ സംഘാടകർക്കും എതിരെ പൊലീസ് കേസെടുക്കണമെന്ന് ബി.ജെ.പി അമ്പലപ്പുഴ നിയോജകമണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. നൂറിലധികം ആൾക്കാരെ പങ്കെടുപ്പിച്ച് ചാത്തനാട്ട് നടത്തിയ ചടങ്ങിൽ നിയന്ത്രണങ്ങൾ നടപ്പിലാക്കേണ്ട ചുമതലയുള്ള മന്ത്രി സാമൂഹിക അകലം പാലിച്ചല്ല ചടങ്ങിൽ പങ്കെടുത്തത്. രോഗവ്യാപനത്തിന് കാരണമായേക്കാവുന്ന രീതിയിൽ ആൾക്കൂട്ടം സംഘടിപ്പിച്ച സംഘാടകർക്കും മന്ത്രിക്കുമെതിരെമെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കും ഡി.ജി.പി ക്കും പരാതി നൽകും. യോഗം ജില്ലാ ജനറൽ സെക്രട്ടറി പി.കെ. വാസുദേവൻ ഉദ്ഘാടനം ചെയ്തു. വി.ശ്രീജിത്ത്‌ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എൽ.പി. ജയചന്ദ്രൻ ,കെ.പ്രദീപ്, കെ. അനിൽകുമാർ, വി. ബാബുരാജ് എന്നിവർ സംസാരിച്ചു.