ഹരിപ്പാട്: ഹോം നഴ്സായ വീട്ടമ്മ തനിക്ക് ലഭിച്ച വിധവ പെൻഷൻ ഉൾപ്പെടെ 10,000 രുപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ഇടുക്കി രാമക്കൽമേട് തുക്കുപാലം സ്വദേശി വത്സമ്മയാണ് വിധവ പെൻഷൻ തുകയായ 8500 രൂപയും ജോലി ചെയ്തു ലഭിച്ച തുകയും ചേർത്തു പതിനായിരം രൂപ സംഭാവന നൽകിയത്.
വീയപുരം മേൽപ്പാടം കൊച്ചുതറയിൽ വീട്ടിൽ കഴിഞ്ഞ 20 വർഷമായി ഹോം നഴ്സായി ജോലി നോക്കുകയാണ് വത്സമ്മ. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കാണാറുള്ള വത്സമ്മ നാടിന്റെ അതിജീവന ശ്രമങ്ങളിൽ തനിക്കും പങ്കാളിയാകണമെന്ന ആഗ്രഹം അങ്കണവാടി വർക്കറായ ഉമയമ്മയെ അറിയിക്കുകയായിരുന്നു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സത്യപാലൻ വീട്ടിലെത്തി തുക ഏറ്റുവാങ്ങി. സി.പി.എം മാന്നാർ ഏരിയ സെക്രട്ടറി പി.ഡി.ശശിധരൻ, വീയപുരം എൽ.സി സെക്രട്ടറി പി.ഓമന, ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് പ്രസാദ് കുമാർ, എൽ.സി അംഗം സൈമൺ എബ്രഹാം, അങ്കണവാടി വർക്കേഴ്സ് യൂണിയൻ ഏരിയ സെക്രട്ടറി ഉമയമ്മ എന്നിവർ പങ്കെടുത്തു .