ആലപ്പുഴ: ജില്ലയിലെ കൊവിഡ് സെന്ററുകളിൽ പ്രവേശിപ്പിക്കപ്പെട്ട പ്രവാസികളുടെ എണ്ണം 19 ആയി. ബഹ്റൈനിൽ നിന്ന് വെള്ളിയാഴ്ച രാത്രി നെടുമ്പാശേരിയിൽ എത്തിയ ഒൻപത് പേരെയാണ് ഇന്നലെ തണ്ണീർമുക്കത്തെ കെ.ടി.ഡി.സി ഹോട്ടലിലെ കൊവിഡ് സെന്ററുകളിൽ പ്രവേശിപ്പിച്ചത്. ഏഴു പുരുഷൻന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. പ്രവാസികളിൽ 18 പേർ തണ്ണീർമുക്കത്തും ഒരാൾ ആശുപത്രിയിലുമാണ് കഴിയുന്നത്. കൊവിഡ് ലക്ഷണങ്ങൾ ഒന്നുമില്ലെങ്കിലും കൂടുതൽ ശ്രദ്ധ നൽകുന്നതിനാണ് ഇയാളെ ആശുപത്രി ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുള്ളത് .

ജില്ലയിൽ ഇതുവരെ ആകെ എത്തിയത് 31 പ്രവാസികളാണ്. ഏഴ്,എട്ട് തീയതികളിൽ നെടുമ്പാശേരിയിലും കരിപ്പൂരും എത്തിയ വിമാനങ്ങളിൽ വന്നവരാണിവർ. ഗർഭിണികളെയും കുട്ടികളെയും സർക്കാർ നിർദേശിച്ച മറ്റ് ഇളവുകൾ അനുവദിച്ചവരെയും വീടുകളിൽ തന്നെ ഐസൊലേഷനിൽ പോകാൻ നിർദേശം നൽകി. പ്രവാസികളുമായി ഇന്നലെ രാത്രി 8.50ന് മസ്‌കറ്റിൽ നിന്നും 9.15ന് കുവൈത്തിൽ നിന്നും വിമാനങ്ങളെത്തി. ഇന്ന് പുലർച്ചെ 1.40ന് ദോഹയിൽ നിന്നുള്ള വിമാനം നെടുമ്പാശേരിയിൽ എത്തും. പ്രാഥമിക പരിശോധനകൾക്കുശേഷം ഇവരെ ക്വാറന്റൈൻ ചെയ്യും.

മറ്റു സംസ്ഥാനങ്ങളിലെ റെഡ് സോണിൽ നിന്നു ജില്ലയിലെത്തിയ 150 പേരെയും കൊവിഡ് കെയർ സെന്ററുകളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്ന് വിവിധ ചെക്ക് പോസ്റ്റുകളിലൂടെ ജില്ലയിൽ ഇതുവരെ എത്തിയത് 675 പേരാണ്. ഇന്നലെ വന്നത് 128 പേർ.