ആലപ്പുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ സുരക്ഷാമാനദണ്ഡങ്ങൾ ലംഘിച്ച മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ആവശ്യപ്പെട്ടു. ആലപ്പുഴ നഗരസഭയുടെ ഫ്ളാറ്റ് സമുച്ചയത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ നിരവധി ആളുകളാണ് പങ്കെടുത്തത്. ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലക്കാരൻ കൂടിയായ മന്ത്രി ആളെക്കൂട്ടി നടത്തിയ പരിപാടി ന്യായീകരിക്കാൻ കഴിയില്ല. പ്രതിപക്ഷ എം.പിമാരും എം.എൽ.എമാരും നിയമം പാലിച്ച് നടത്തുന്ന ചടങ്ങുകളുടെ പേരിൽ കേസെടുക്കുന്ന സർക്കാരും ആഭ്യന്തരവകുപ്പും ഇക്കാര്യത്തിൽ മൗനം വെടിഞ്ഞ് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.