വള്ളികുന്നം: ബൈക്കിൽ കടത്താൻ ശ്രമിച്ച പത്ത് ലിറ്റർ ചാരായവുമായി വള്ളികുന്നം കന്നിമേൽ ഷെജീർ മൻസിലിൽ ഷെജിറിനെ (39) നൂറനാട് എക്‌ സെസ് സംഘം അറസ്റ്റ് ചെയ്തു. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിൽ എടുത്തു.

ഷെജീർ ഒരാഴ്ചയായി ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. ഓർഡർ വാങ്ങിയാണ് ചാരായം നൽകിയിരുന്നത്. ഇന്നലെ രാവിലെ ചാരായവുമായി ബൈക്കിൽ വാളാച്ചാൽ ഭാഗത്തുകൂടി വരുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കർശന ജാഗ്രതയിലായിരുന്നു. ചാരായം കടത്തിക്കൊണ്ട് വരുന്ന വഴികളിൽ ഇയാളുടെ കൂട്ടാളികൾ അകമ്പടി ഉള്ളതിനാൽ വളരെ സാഹസികമായാണ് വാളാച്ചാൽ ജംഗ്ഷന് സമീപത്തു വച്ച് പിടികൂടിയത്. മുൻകൂർ പണം നൽകുന്ന പരിചയക്കാർക്ക് മാത്രമേ ഇയാൾ ചാരായം നൽകാറുള്ളു. ആളൊഴിഞ്ഞ സ്ഥലത്ത് ചാരായം വച്ച ശേഷം, ഓർഡർ നൽകിയവരെ വിളിച്ചറിയിച്ചാണ് വിൽപ്പന നടത്തിയിരുന്നത്. 2500 മുതൽ 3000 രൂപ വരെയാണ് ഒരു കുപ്പി ചാരായത്തിന് വില ഈടാക്കിയിരുന്നത്. ഇയാളെ സഹായിച്ചവരെപ്പറ്റിയുള്ള വിവരം എക്സൈസ് ശേഖരിച്ചു. റെയ്ഡിന് എക്സൈസ് ഇൻസ്പക്ടർ ഇ.ആർ. ഗിരീഷ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ അബ്ദുൾ ഷുക്കൂർ, സദാനന്ദൻ, സി.ഇ.ഒമാരായ രാജീവ്, ശ്യാംജി, സിനുലാൽ, രാകേഷ് കൃഷ്ണൻ അശോകൻ , വരുൺ ദേവ് , അനു എന്നിവർ നേതൃത്വം നൽകി.