അമ്പലപ്പുഴ: കൊവിഡ് പരിശോധനയ്ക്കിടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നു മുങ്ങിയ ഹൗസ്ബോട്ട് ജീവനക്കാരൻ തമിഴ്നാട് ഈറോഡ് അണ്ണാനഗർ പൂവരശനെ (22) പാലക്കാട് വാണിയംപാറ ചെക്ക് പോസ്റ്റിൽ വച്ച് ബൈക്ക് സഹിതം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ബൈക്കിന്റെയും മൊബൈൽ ഫോണിന്റെയും നമ്പർ പിന്തുടർന്നാണ് വെള്ളിയാഴ്ച രാത്രി 12 മണിയോടെ കണ്ടെത്തിയത്. തുടർന്ന് പൂവരശനെ പാലക്കാട്ടെ കൊവിഡ് കെയർ സെന്ററിലേക്കു മാറ്റി.

വെള്ളിയാഴ്ച രാത്രി 7 ഓടെയാണ് ഇയാൾ മുങ്ങിയത്. 3 മാസം മുൻപ് നാട്ടിൽ പോയ പൂവരശൻ ചെന്നൈയിൽ നിന്നു കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. ഇയാളും കൂടെ ജോലി ചെയ്യുന്ന ഒരു ബീഹാർ സ്വദേശിയും ആലപ്പുഴ പുന്നമട ഭാഗത്ത് കറങ്ങിനടക്കുന്നതു കണ്ട പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് ടൂറിസം പൊലീസ് ജില്ലാ ആശുപത്രിയിൽ അറിയിക്കുകയും അവിടെ നിന്ന് ആംബുലൻസ് വരുത്തി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് ഒ.പിയിൽ എത്തിക്കുകയുമായിരുന്നു. ഇരുവരുടേയും സ്രവമെടുത്ത് പരിശോധനയ്ക്കയച്ച ശേഷം ആലപ്പുഴയിലുള്ള ക്വാറന്റൈൻ കേന്ദ്രത്തിലേക്കു മാറ്റാനായി ആംബുലൻസ് വരാൻ കാത്തിരിക്കുന്നതിനിടെ രാത്രി 7ഓടെ ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് പൂവരശൻ രക്ഷപ്പെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളിയെ ആലപ്പുഴയിലുള്ള ക്വാറന്റൈൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

തുടർന്ന്, പൂവരശനെ കണ്ടെത്താൻ അമ്പലപ്പുഴ പൊലീസും എയ്ഡ് പോസ്റ്റ് പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഊർജിതമായി തെരച്ചിൽ ആരംഭിച്ചു. ആശുപത്രി ആർ.എം.ഒ ഡോ. നോനാൻ ചെല്ലപ്പൻ രാത്രി എട്ടോടെ തിരുവനന്തപുരം അലർട്ട് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു.

രാത്രി 10 ഓടെ ഇയാൾ തൃശൂർ മണ്ണൂത്തി കടന്ന് കൊടകംഭാഗത്ത് എത്തിയതായി സൈബർ സെൽ ഉദ്യോഗസ്ഥർ കമാൻഡിംഗ് സെന്ററിൽ അറിയിച്ചു. ഇതോടെയാണ് കേരളം കടക്കുന്നതിനു മുമ്പ് പൂവരശനെ പിടികൂടാനായത്.