ആലപ്പുഴ: തണ്ണീർമുക്കം കെ.ടി.ഡി.സിയിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് മധുരവും പുസ്തകവും അവശ്യ വസ്തുക്കളുമായി തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ സ്നേഹവായ്പ് അറിഞ്ഞ മന്ത്രി ജി.സുധാകരൻ സ്വന്തം കവിതാസമാഹാരങ്ങളും മന്ത്രി തോമസ് ഐസക്ക് ലേഖനങ്ങളും പഞ്ചായത്തിൽ എത്തിച്ചു നൽകി.
ബക്കറ്റുകൾ, മഗ്ഗുകൾ, തോർത്ത്, ടൂത്ത്പേസ്റ്റ്, സോപ്പ്, ടവ്വൽ, മാസ്‌ക്, സാനിട്ടൈസർ, ബ്രഷ്, മെഴുകുതിരി, തീപ്പെട്ടി തുടങ്ങി അൻപതോളം അവശ്യ വസ്തുക്കളാണ് ക്വാറന്റൈനിലുള്ള പ്രവാസികൾക്ക് നൽകാനായി കൊവിഡ് കെയർ സെന്ററിന്റെ ചുമതലയുള്ള ജീവനക്കാർക്ക് പഞ്ചായത്ത് കൈമാറിയത്. പഞ്ചായത്തിന്റെ ലൈബ്രറിയിൽ നിന്നുളള പുസ്തകങ്ങളും വായിക്കാൻ നൽകി. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പെഡെസ്‌കിനും പഞ്ചായത്തിൽ തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്. ജ്യോതിസിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തഹസിൽദാർ ആർ.ഉഷാകുമാരി, മുഹമ്മ സി.ഐ വിജയൻ, മെഡിക്കൽ ഓഫീസർ ഡോ.അമ്പിളി, പഞ്ചായത്ത് സെക്രട്ടറി പി.സി.സേവ്യർ, എ.കെ.പ്രസന്നൻ, സനൽനാഥ്, സാനുസുധീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.