മാവേലിക്കര: കുറത്തികാട് ജംഗ്ഷന് കിഴക്ക് പള്ളിക്കൽ ഈസ്റ്റ് എൻ.എസ്.എസ് കരയോഗ മന്ദിരത്തിന് സമീപം സ്വകാര്യ വസ്തുവിൽ നിന്നിരുന്ന പ്ലാവ് പിഴുത് റോഡിലേക്ക് വീണ് 9 വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. സമീപത്തുള്ള നിരവധി പോസ്റ്റുകൾ ചരിഞ്ഞു. ഗതാഗതവും തടസപ്പെട്ടു.
ഇന്നലെ രാവിലെ 6.45നാണ് സംഭവം. വൈദ്യുതി കമ്പികൾ തകർത്താണ് പ്ലാവ് റോഡിലേക്ക് വീണത്. 2 പോസ്റ്റുകൾ ഒടിഞ്ഞ് എൻ.എസ്.എസ് കരയോഗമന്ദിരത്തിനു മുകളിൽ വീണു. മാവേലിക്കരയിൽ നിന്ന് അഗ്‌നിശമന സേനയെത്തി മരം മുറിച്ചു മാറ്റി. വൈകിട്ടോടെയാണ് മേഖലയിൽ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്. ഇലക്ട്രിക് പോസ്റ്റ് നിർമ്മാണത്തിലെ അപാകത അന്വേഷിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ഒടിഞ്ഞുവീണ പോസ്റ്റുകൾ എല്ലാം പുതുതായി സ്ഥാപിച്ചവയാണ്. നിർമ്മാണത്തിലെ അപാകതയാണ് ഇതിന് കാരണമെന്ന് ബി.ജെ.പി കുറത്തികാട് ടൗൺ കമ്മിറ്റി ആരോപിച്ചു. ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം ബി.പ്രദീപ് കുമാർ, തെക്കേക്കര പഞ്ചായത്ത് ജനറൽ സെക്രട്ടറി വിനീത് ചന്ദ്രൻ, ചന്ദ്രൻ കഞ്ഞിക്കൽ എന്നിവർ ആവശ്യപ്പെട്ടു.
പള്ളിക്കൽ കിഴക്ക് എൻ.എസ്.എസ് കരയോഗ മന്ദിരത്തിന് മുകളിൽ ഇലക്ട്രിക് പോസ്റ്റുകൾ വീണതിനെ തുടർന്നു കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതിൽ കരയോഗം പ്രതിഷേധിച്ചു. പോസ്റ്റ് നിർമ്മാണത്തിലെ അപാകതയാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് കരയോഗം ഭാരവാഹികൾ ആരോപിച്ചു. ഒരു മരം വീണപ്പോൾ 9 പോസ്റ്റുകൾ ഒടിഞ്ഞ സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് കരയോഗം പ്രസിഡന്റ് കെ.ഹരികുമാർ, ഭാരവാഹികളായ മധു വർമ്മ, ചന്ദ്രൻ, പ്രദീപ് കുമാർ എന്നിവർ ആവശ്യപ്പെട്ടു.