ഹരിപ്പാട്: അപകീർത്തിപ്പെടുത്തുന്ന പോസ്റ്റർ പതിച്ചവർക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകി.

വെളളിയാഴ്ച രാത്രിയാണ് താത്കാലിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് സംരക്ഷണ സമിതി എന്ന പേരിൽ കൊച്ചിയുടെ ജെട്ടി മുതൽ മംഗലം വരെ പോസ്റ്റർ പതിച്ചത്. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് ജീവനക്കാരെ നിയമിച്ചത്. സർക്കാർ ഉത്തരവ് അനുസരിച്ച് ഏപ്രിൽ മുതൽ 2021 മാർച്ച് വരെ ജീവനക്കാരുടെ കാലാവധി നീട്ടിക്കൊടുക്കുക മാത്രമാണ് പഞ്ചായത്ത് ഭരണസമിതി ചെയ്തിട്ടുളളത്. ഇതിൽ രാഷ്ട്രീയ വിവേചനം കാട്ടിയിട്ടില്ല. സ്ഥിരനിയമനം അല്ല എന്ന് അറിയാമെന്നിരിക്കെ പ്രസിഡന്റിനെ വ്യക്തിഹത്യ നടത്താൻ ബോധപൂർവം ശ്രമം നടത്തുകയാണെന്നും എസ്.അജിത പരാതിയിൽ പറയുന്നു.