ആലപ്പുഴ: കൊവിഡ് കെയർ സെന്ററുകളിൽ സന്ദർശകരെ അനുവദിക്കില്ലെന്നു കളക്ടർ എം. അഞ്ജന വ്യക്തമാക്കി.

ജില്ലയിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾ, മറ്റ് സംസ്ഥാനങ്ങളിലെയും ജില്ലകളിലെയും റെഡ് സ്‌പോട്ടുകളിൽ നിന്ന് എത്തുന്നവർ തുടങ്ങിയവരെ സുരക്ഷിതരായി നിരീക്ഷണത്തിൽ പാർപ്പിക്കാൻ ബാത്ത് അറ്റാച്ച്ഡ് സൗകര്യമുളള മുറികൾ വിവിധ സ്ഥാപനങ്ങളിൽ നിന്നു 2005ലെ ദുരന്തനിവാരണ നിയമ പ്രകാരമാണ് ഏറ്റെടുത്തിട്ടുള്ളത്. എല്ലാ കൊവിഡ് കെയർ സെന്ററുകളുടെയും താക്കോലുകൾ വില്ലേജ് ഓഫീസർമാർ കൈപ്പറ്റുകയും തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരുമായി ചേർന്ന് സൗകര്യങ്ങൾ ഉറപ്പുവരുത്തുകയും വേണം. ഇത്തരത്തിൽ സജ്ജമായ കൊവിഡ് കെയർ സെന്ററുകളുടെ വിവരങ്ങൾ മെഡിക്കൽ ഓഫീസർമാർക്ക് നൽകാൻ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം നൽകി.

കൊവിഡ് കെയർ സെന്ററുകളിലെ ശുചിത്വ പരിപാലനം, ഭക്ഷണ വിതരണ ക്രമീകരണം അന്തേവാസികൾക്കുളള വിനോദ വിവര വിനിമയ സൗകര്യങ്ങൾ ഉൾപ്പെടെയുളള സജ്ജീകരണങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് നിർവഹിക്കുന്നത്. കൊവിഡ് കെയർ സെന്ററുകളിലേക്ക് ആരെ പ്രവേശിപ്പിക്കണം എന്ന് തീരുമാനിക്കുന്നത് അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മെഡിക്കൽ ഓഫീസർമാരാണ്. വിദേശത്തുനിന്നും റെഡ്‌സ്‌പോട്ടുകളിൽ നിന്നും യാത്രചെയ്തുവരുന്നവരിൽ ഗർഭിണികൾ, 75നു മുകളിൽ പ്രായമുളളവർ, 10 വയസ്സിനു താഴെയുളള കുട്ടികൾ, സർക്കാർ നിർദേശിക്കുന്നവർ എന്നിവരെഴികെ മുഴുവൻ പേരെയും നിലവിൽ കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലാക്കും. കളക്ടറേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. ഫോൺ: 88523787

--