ആലപ്പുുഴ: വിമാനത്താവളങ്ങളിൽ നിന്നും കപ്പൽ തുറമുഖങ്ങളിൽ നിന്നും മടങ്ങിയെത്തുന്ന പ്രവാസികളിൽ ജില്ലയിലുളളവരെ കൊവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റി നിരീക്ഷണത്തിലാക്കാൻ കളക്ടറേറ്റിൽ പ്രത്യേക സെൽ ആരംഭിച്ചതായി കളക്ടർ എം.അഞ്ജന അറിയിച്ചു.
കൊവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റേണ്ടവരെ പ്രത്യേകം വാഹനം സജ്ജീകരിച്ച് മാറ്റാനും വീടുകളിൽ നിരീക്ഷണത്തിനായി ഇളവുകൾ ലഭിച്ചവരെ അവരുടെ ചെലവിൽ പ്രത്യേക വാഹന സൗകര്യം ഏർപ്പെടുത്തി വീടുകളിൽ എത്തിച്ച് തുടർ നിരീക്ഷണം നടത്താനുമുളള നടപടികളും ചാർജ് ഓഫീസർമാരുടെ നേതൃത്വത്തിൽ ഈ സെല്ലിലാണ് നടക്കുന്നത്. കൂടുതൽ മെച്ചപ്പെട്ട സൗകര്യം ആവശ്യമുളളവർക്ക് അവരുടെ ചെലവിൽതന്നെ നിരീക്ഷണത്തിൽ കഴിയാൻ മെച്ചപ്പെട്ട സൗകര്യങ്ങൾ ഉളള സ്ഥാപനങ്ങളും സജ്ജമാക്കുന്നുണ്ട്. നിലവിൽ കെ.ടി.ഡി.സിയുടെ കളപ്പുരയിലുളള റിപ്പിൾ ലാൻഡ് ഹോട്ടൽ ഇപ്രകാരം സജ്ജമാക്കിയിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു.