ചേർത്തല:അരൂരിലെ കുടിവെള്ള പ്രശ്നത്തിന് അടിയന്തര പരിഹാരം ആവശ്യപെട്ട് 11ന് ചേർത്തല വാട്ടർ അതോറിട്ടിക്കു മുന്നിൽ ഒറ്റയാൾ ധർണ നടത്തുമെന്ന് ഷാനിമോൾ ഉസ്മാൻ എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ജനകീയ ആവശ്യമുയർത്തുമ്പോൾ സാങ്കേതിക വാദം പറയുന്നതല്ലാതെ ഉദ്യോഗസ്ഥർ പരിഹാരം കാണുന്നില്ലെന്ന് എം.എൽ.എ ആരോപിച്ചു. കുത്തിയതോട്,അരൂർ,തുറവൂർ പഞ്ചായത്തുകളിലാണ് കുടിവെള്ള പ്രതിസന്ധി രൂക്ഷമാകുന്നത്.20 ദിവസങ്ങളായി കുടിവെള്ളം കിട്ടാത്ത സ്ഥലങ്ങളുണ്ട്.നിരന്തരമായി വകുപ്പുമന്ത്റിയെയും ചീഫ് എൻജിനിയറെയും സമീപിച്ചെങ്കിലും നടപടിയില്ല. പ്രതിസന്ധി നേരിടുന്ന സ്ഥലങ്ങളിൽ ടാങ്കറിൽ വെള്ളം വിതരണം നടത്താൻ ആവശ്യപ്പെട്ടെങ്കിലും അതും സാങ്കേതിക ന്യായങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥർ നീട്ടുകയാണെന്നും എം.എൽ.എ ആരോപിച്ചു.11ന് രാവിലെ ഒമ്പതു മുതൽ അഞ്ചുവരെയാണ് എം.എൽ.എയുടെ ഒറ്റയാൾ സമരം.ഡി.സി.സി പ്രസിഡന്റ് എം.ലിജു സമരം ഉദ്ഘാടനം ചെയ്യും.ചേർത്തല ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഉണ്ണിക്കൃഷ്ണൻ,ഡി.സി.സി ജനറൽ സെക്രട്ടറി സി.വി.തോമസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.