ആലപ്പുഴ: സുഭിക്ഷ കേരളത്തിനായി കാർഷിക- മത്സ്യ, മൃഗസംരക്ഷണ, ക്ഷീര കർമ്മപദ്ധതികൾ, തൊഴിലുറപ്പ് എന്നിവ സംയോജിപ്പിച്ചുള്ള രണ്ട് കോടിയുടെ സംയോജിത പദ്ധതിക്ക് തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് അംഗീകാരം നൽകി.

മുഖ്യമന്ത്രിയുടെ സുഭിക്ഷ കേരളം പദ്ധതിയുടെ പ്രഖ്യാപനത്തെ തുടർന്നാണ് അടിയന്തരമായി പഞ്ചായത്ത് കമ്മിറ്റി സംയോജിത പദ്ധതികൾക്ക് പ്രത്യേക അനുമതി നൽകിയത്. കാർഷിക, മൃഗസംരക്ഷണ, ക്ഷീര മേഖലകളിൽ അരക്കോടി രൂപയുടെ പദ്ധതികളും മത്സ്യ മേഖലയിൽ ഒരു കോടി രൂപയുടെ പദ്ധതികൾക്കുമാണ് അംഗീകാരം നൽകിയത്. കാർഷിക മേഖലയിൽ നെൽകൃഷിക്കാണ് പ്രാധാന്യം. വീട് ഒന്നിന് നൂറിലധികം പച്ചക്കറി തൈകൾ, കപ്പ, ചേന, വാഴവിത്തുകൾ, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവയാണ് നൽകും. സംയോജിത പദ്ധതിയായ ഹരിത ഭവനവും ഗ്രാമചന്തകളും കർഷകർക്കാവശ്യമായ സ്‌പ്രെയറുകളും ജൈവ വളവും വിതരണം ചെയ്യും. സസ്യസംരക്ഷണ ക്ലിനിക്കുകളും റിട്ട.കൃഷി ഓഫീസർമാരായ ടി.പി.ചന്ദ്രമതി, ടി.എസ്.വിശ്വൻ, ഷാജി തുടങ്ങിയവരുടെ നേതൃത്വത്തിൽ കർഷക അവാർഡ് ജേതാക്കൾ അടങ്ങുന്ന കൃഷി പാഠശാലയും തുടങ്ങും.

മത്സ്യ മേഖലയിൽ കരിമീൻ കൃഷിക്കായുളള അടുക്കള കുളം പദ്ധതി, കുളം ഒരുക്കുന്നവർക്ക് കരിമീൻ വിതരണം, ബയോ ഫ്ളോക്ക് ശുദ്ധജല മത്സ്യ കൃഷി, പൊതു കുളങ്ങൾ വൃത്തിയാക്കി മത്സ്യക്കൃഷി, കൂടിലുളള മത്സ്യക്കൃഷി, ശുദ്ധജല മത്സ്യക്കൃഷി, വേമ്പനാട് കായൽ സംരക്ഷണ പദ്ധതി എന്നിവയും മൃഗ സംരക്ഷണമേഖലയിൽ ഫാമുകൾ, തൊഴുത്തുകളുടെ നവീകരണം, കറവ യന്ത്രം, ചാണക പിറ്റ് എന്നിവയോടൊപ്പം മുട്ടക്കോഴി, താറാവ്, കാട, കല്ലുമ്മേക്കായ കൃഷി, മിൽമ യൂണിറ്റുകൾ, മൂല്യ വർദ്ധിത ഉത്പ്പന്നങ്ങളുടെ വിപണനം , ബയോഗ്യാസ് പ്ലാന്റ്, ഇൻഷ്വറൻസ് പദ്ധതി എന്നിവയും മുഴുവൻ വീടുകളിലും സോക്ക്പിറ്റ് നിർമ്മാണവും നടത്തും.

പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് അഡ്വ. പി.എസ്.ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രേഷ്മ രംഗനാഥ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ രമ മദനൻ, സുധർമ്മ സന്തോഷ്, ബിനിത മനോജ്, അംഗങ്ങളായ കെ.ജെ.സെബാസ്റ്റ്യൻ, സനൽനാഥ്, സാനു സുധീന്ദ്രൻ, രമേഷ്ബാബു, പഞ്ചായത്ത് സെക്രട്ടറി പി.സി.സേവ്യർ, അസിസ്റ്റന്റ് സെക്രട്ടറി സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.