 എ.എ. ഷുക്കൂറിനെ തള്ളി നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ

ആലപ്പുഴ: ഭവന രഹിതർക്കായി ആലപ്പുഴ നഗരസഭ നിർമ്മിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ മന്ത്രി ജി. സുധാകരൻ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പങ്കെടുത്തതെന്ന് നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ പ്രസ്താവനയിൽ പറഞ്ഞു. പ്രോട്ടോകോൾ ലംഘിച്ചതിന് മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ഡി.സി.സി മുൻ പ്രസിഡന്റ് എ.എ.ഷുക്കൂർ ആവശ്യപ്പെട്ടതിനെത്തുർന്നാണ്, കോൺഗ്രസ് ഭരിക്കുന്ന നഗരസഭയുടെ ചെയർമാൻതന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.

മന്ത്രി ഉൾപ്പെടെ എട്ടുപേരാണ് ചടങ്ങിൽ പങ്കെടുത്തത്. 52 നഗരസഭാ കൗൺസിലർമാർക്കും കത്ത് നൽകിയെങ്കിലും നഗരസഭയെ പ്രതിനിധീകരിച്ച് താനും വൈസ് ചെയർപേഴ്സൺ ജ്യോതിമോൾ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.എ.റസാഖ്, ബഷീർ കോയാപറമ്പിൽ, അഡ്വ. ജി.മനോജ്കുമാർ, നഗരസഭ പ്രതിപക്ഷ നേതാവിന്റെ പ്രതിനിധി കെ.ജി.പ്രവീൺ, സെക്രട്ടറി മുഹമ്മദ് ഷാഫി എന്നിവരും മന്ത്രിയും പങ്കെടുത്ത ചടങ്ങിൽ സാമൂഹിക അകലം കർശനമായി പാലിച്ചിരുന്നു. പരിപാടിക്കു ശേഷം മന്ത്രി കാറിൽ കയറാൻ എത്തിയപ്പോൾ കൈവശ സ്ഥലം പതിച്ചു കിട്ടുന്നതിനു വേണ്ടി പ്രദേശവാസികൾ നിവേദനമുമായി എത്തി. നിവേദനം നഗരസഭയ്ക്ക് നൽകിയാൽ മതിയെന്നും നഗരസഭ അയയ്ക്കുന്ന റിപ്പോർട്ട് സർക്കാരിൽ വരുമ്പോൾ സഹായിക്കാമെന്നും പറഞ്ഞ് മന്ത്രി കാറിൽകയറി പോകുകുകയായിരുന്നു. ചാത്തനാട് നടന്ന പരിപാടിയിൽ ഒരു തരത്തിലുള്ള ലംഘനവും നടന്നിട്ടില്ലെന്നും മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഇല്ലിക്കൽ കുഞ്ഞുമോൻ പറഞ്ഞു.
കോൺഗ്രസ് ഭരിക്കുന്ന നഗരസഭ നടത്തിയ പരിപാടിക്കെതിരെ കോൺഗ്രസ് നേതാക്കൾ തന്നെ രംഗത്തെത്തിയത് ഉൾപ്പോരിന്റെ ഭാഗമാണെന്നും ആക്ഷേപമുണ്ട്. മന്ത്രിക്കെതിരെ ആരോപണമുണ്ടായെങ്കിലും പ്രാദേശിക സി.പി.എം നേതൃത്വം മൗനം പാലിച്ചതും ശ്രദ്ധേയമാണ്. നിരവധി പേർക്ക് കിടപ്പാടമൊരുക്കുന്ന പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങിനെച്ചൊല്ലിയുള്ള അനാവശ്യ വിവാദത്തെ തള്ളിക്കളയുകയാണ് നഗരസഭയും മന്ത്രിയും.