liquer

 തീരുമാനം വൈകില്ല

ആലപുഴ: ഓൺലൈൻ ടോക്കൺ സംവിധാനങ്ങളിലൂടെ സംസ്ഥാനത്ത് വിദേശമദ്യ വില്പന നടത്താൻ സാദ്ധ്യത. ലോക്ക്ഡൗൺ കഴിഞ്ഞ ശേഷമേ മിക്കവാറും ബിവറേജസ് ഔട്ട്ലെറ്റുകൾ തുറക്കുകയുള്ളൂ. ബാറുകൾ ഉടൻ തുറക്കാനിടയില്ല.
ഈ പശ്ചാത്തലത്തിൽ ഓൺലൈൻ വില്പന ചർച്ച ചെയ്യാൻ എക്സൈസ്, ബിവറേജസ് കോർപ്പറേഷൻ, ധനകാര്യ വകുപ്പു മേധാവികളുടെ യോഗം കഴിഞ്ഞ ആഴ്ച വിളിച്ചിരുന്നു. പൊലീസ്, എക്സൈസ്, ഫയർഫോഴ്സ്, ഫോറസ്റ്റ് സേനകളുടെ സേവനം പ്രയോജനപ്പെടുത്തി ഓൺലൈൻ വില്പന രൂപപ്പെടുത്താമെന്ന അഭിപ്രായമാണ് യോഗത്തിൽ ഉയർന്നത്. ഓൺലൈനിൽ ടോക്കൺ നൽകി വില്പനശാലകളിലെ തിരക്ക് നിയന്ത്രിക്കാമെന്ന അഭിപ്രായവും ഉയർന്നു. രണ്ട് നിർദ്ദേശങ്ങളും സർക്കാർ പരിഗണനയിലുണ്ട്.

ചില്ലറ വില്പനശാലകൾക്കൊപ്പം ബാറുകളിൽ നിന്ന് പാഴ്സൽ നൽകിയാൽ തിരക്ക് കുറയ്ക്കാമെന്നും അമിത വില ഈടാക്കാതെ ബാറുകൾക്ക് മിനിമം മാർജിൻ നൽകിയാൽ മതിയെന്നും എക്സൈസ് നിർദ്ദേശിച്ചെങ്കിലും സർക്കാർ പരിഗണിച്ചില്ല. മാർജിൻ വില മാത്രം ഈടാക്കി പാഴ്സൽ നൽകുന്നതിനോട് ബാറുടമകൾക്കും യോജിപ്പില്ല. ബാറുകൾ അടഞ്ഞു കിടക്കുന്നതിനാൽ ലൈസൻസ് ഫീസ് കുറയ്‌ക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങൾ അവർക്കുമുണ്ട്. പുതിയ മദ്യനയത്തിൽ ബാർലൈസൻസ് ഫീസ് 28ൽ നിന്ന് 30 ലക്ഷമാക്കിയിരുന്നു.

ഓൺലൈൻ മദ്യവില്പനയ്ക്ക് അനുകൂലമായ നിലപാടാണ് സുപ്രീംകോടതിയുടേത്. ഉടൻ മദ്യശാലകൾ തുറക്കുന്നതിനോട് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന് വിയോജിപ്പാണെങ്കിലും അധികകാലം മദ്യവില്പന നിറുത്തിവയ്ക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് സർക്കാർ നിലപാട്.

 അവരെ 'നഷ്ട'പ്പെടുമോ?

മദ്യശാലകൾ തുറക്കുന്നത് വൈകിയാൽ സ്ഥിരം മദ്യപരായ ചെറിയ ശതമാനം വാറ്റുചാരായത്തിലേക്ക് തിരിയുമോയെന്ന ആശങ്കയുണ്ട്.

.............................

വില്പനശാലകൾ

*ബാറുകൾ: 601

*ബെവ്കോ വില്പനശാല: 270

*കൺസ്യൂമർഫെഡ് : 36