ആലപ്പുഴ: രാസമാലി​ന്യങ്ങളും പ്ളാസ്റ്റി​ക് മാലി​ന്യങ്ങളും വേമ്പനാട് കായലി​നെ തകർക്കുമ്പോൾ നാടൻ മത്സ്യ സമ്പത്ത് കി​ട്ടാക്കനി​യാകുന്നു. ഹൗസ്‌ബോട്ടുകൾ, വ്യവസായ ശാലകൾ, പാടശേഖരങ്ങൾ എന്നി​വി​ടങ്ങളി​ൽ നിന്നുള്ള രാസമാലിന്യങ്ങളും മനുഷ്യവിസർജ്യവും പ്ളാസ്റ്റിക്കിന്റെ ആധിക്യവും മലി​നമാക്കുന്ന അവസ്ഥ എല്ലാ അതി​രുകളും വി​ടുന്നതാണ് മത്സ്യ സമ്പത്തി​നെ ഇല്ലായ്മ ചെയ്തതെന്ന് റി​പ്പോർട്ടുകൾ വെളി​പ്പെടുത്തുന്നു. കായലി​ൽ നി​ന്ന് പി​ടി​ക്കുന്ന മത്സ്യത്തി​ന് ഇനി​ പ്ളാസ്റ്റി​ക് സാന്നി​ദ്ധ്യവും ഉണ്ടാകുമെന്ന് വി​ദഗ്ദ്ധർ പറയുന്നു.


ജീവി​തം വഴി​മുട്ടി​ മത്സ്യത്തൊഴി​ലാളി​കൾ

മത്സ്യസമ്പത്തിന്റെ കുറവ് കായലിന്റെ ഇരുകരകളിലും ഉപപുഴകളിലും തൊഴിലെടുക്കുന്ന രണ്ട് ലക്ഷത്തോളം ഉൾനാടൻ മത്സ്യതൊഴിലാളികളുടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്.

പ്ളാസ്റ്റിക്കിന്റെ അംശം വർദ്ധിച്ചതോടെ മത്സങ്ങളുടെ പ്രജനനത്തെ തന്നെ ബാധിച്ചതായി പ്രായമായ മത്സ്യതൊഴിലാളികൾ പറഞ്ഞു.

മലി​നീകരണം

രാസമാലിന്യം മനുഷ്യവിസർജ്യം എന്നിവയിൽ അടങ്ങിയിട്ടുള്ള കോളിഫോം ബാക്ടീരിയയുടേയും അളവ് വേമ്പനാട്ടു കായലിൽ കൂടുതലാണ്. കൃഷിക്ക്ഉപയോഗിക്കുന്ന കീടനാശിനികൾ ഉൾപ്പടെയുള്ള മാലിന്യത്തിന്റെ തോത് കായലിൽ ക്രമാതീതമായി ഓരോദിവസവും വർദ്ധിച്ചു വരുന്നു.
മൂവായിരത്തിൽ അധികം ഹൗസ്‌ബോട്ടുകൾ വേമ്പനാട്ടു കായലിൽ തലങ്ങും വിലങ്ങും പ്രതിദിനം സർവീസ് നടത്തുന്നുണ്ട്. സർക്കാർ മാനദണ്ഡം അനുസരിച്ചുള്ള മാലിന്യ നിർമ്മാർജന മാർഗ്ഗങ്ങളും ഇല്ലാതെയാണ് ഭൂരിഭാഗം ഹൗസ്‌ബോട്ടുകളും സർവീസ് നടത്തുന്നത്. ഇൻബോർഡ് എൻജിനുകൾ മാത്രമെ ഉപയോഗിക്കാവൂ എന്ന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശം മിക്ക ഹൗസ്‌ബോട്ടുകളും പാലിക്കുന്നില്ല. ഔട്ട്‌ബോർഡ് എൻജിനുകൾ പുറന്തള്ളുന്ന ഓയിലും മണ്ണണ്ണയും വേമ്പനാട് കായലിനെ മലീനമാക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നു. കായലിന്റെ തീരത്ത് പ്രവർത്തിക്കുന്ന നൂറിലധികം റിസോർട്ടുകളിൽ നിന്നുള്ളുന്ന മാലിന്യങ്ങളും മലിനമാക്കുന്നു. സർവീസ് നടത്തുന്ന സംസ്ഥാന സർക്കാരിന്റെ ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകളും മലിനീകരണത്തിന് ആക്കം കൂട്ടുന്നുണ്ട്.

കാരണങ്ങൾ

പ്രളയ കാലത്ത് ഒഴുകിയെത്തുന്ന മണലും ചെളിയും കായലിന്റെ ആഴംകുറക്കുന്നു

കായൽ കയ്യേറ്റവും മത്സ്യസമ്പത്തിന് നാശം വിതക്കുന്നു

കൃത്യസമയത്ത് തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറക്കുന്നി​ല്ല

.................

16,000

1974ൽ 16,000 ടൺ മത്സ്യസമ്പത്ത് വേമ്പനാട് കായലിൽ നിന്നു ലഭി​ച്ചി​രുന്നു

8,000

നി​ലവി​ൽ ലഭി​ക്കുന്ന മത്സ്യത്തി​ന്റെ അളവ് 8,000 ടൺ​

.........................

1974ൽ 16,000 ടൺ മത്സ്യസമ്പത്ത് വേമ്പനാട് കായലിൽ നിന്നു ലഭിച്ചിരുന്നെങ്കിൽ ഇപ്പോഴത് 8,000 ടൺ ആയി കുറഞ്ഞെന്ന് ഫിഷറീസ് വകുപ്പ് നടത്തിയ പഠനങ്ങളിൽ വ്യക്തമാക്കി. തണ്ണീൽമുക്കം ബണ്ടിന്റെ തെക്കൻ മേഖലയിലെ മത്സ്യലഭ്യത 4,000 ടണ്ണിൽ നിന്നു 600 ആയി കുറഞ്ഞതും കായലിലെ മത്സ്യസമ്പത്തിന്റെ നാശത്തെയാണ് സൂചിപ്പിക്കുന്നത്.

...........

പ്രളയത്തി​ൽ വരുന്ന മണലും ചെളിയും കായലിന്റെ ആഴംകുറക്കുന്നത് വലി​യ പ്രശ്നമാണ്.

കായൽ കയ്യേറ്റവും മത്സ്യം ഇല്ലാത്തതി​ന് മറ്റൊരു കാരണമാണ്.

മത്സ്യത്തൊഴിലാളികൾ

..................
മത്സ്യങ്ങൾ അപ്രത്യക്ഷമായി

പഴയകാലത്ത് 300ൽ അധികം വിവിധ ഇനം മത്സ്യങ്ങൾ ഉണ്ടായിരുന്നു. ഇവയിൽ ഭൂരിഭാഗവും വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നു. ഇത് ഉൾനാടൻ മത്സ്യബന്ധന മേഖലയ്ക്ക് തിരിച്ചടിയായി. പത്തോളം മത്സ്യങ്ങൾ വംശനാശ ഭീഷണിയിലാണ്. മത്സ്യങ്ങളുടെ പ്രജനന കേന്ദ്രങ്ങളായിരുന്ന പാടശേഖരങ്ങളിൽ മഴക്കാലത്തും കൃഷി തുടരുന്നതും അമിത കീടനാശിനി പ്രയോഗവുമാണ് മത്സ്യസമ്പത്ത് കുറയാനുള്ള പ്രധാനകാരണം.


#ഇല്ലാതാകുന്ന മത്സ്യങ്ങൾ
കട്ല,കണമ്പ്,പ്രാഞ്ചിൽ,ഒറത്തൽ,തിരണ്ടി, മാലാൻ, കടൽ കറുപ്പ്

#വംശനാശ ഭീഷണി
നാടൻ മുഷി, കോല,വഴക്കൂരി,ആറ്റുവാള,ആരകൻ,പന ആരകൻ,വാക വരാൽ

#ലഭ്യത കുറഞ്ഞവ.
വലിഞ്ഞിൽ, കൂരൽ,ആറ്റുകൊഞ്ച്,കാലൻ ചെമ്മീൻ,പൂമീൻ, കണമ്പ്, തിരുത, നഞ്ചുകരിമീൻ