 കള്ളുഷാപ്പുകൾ തുറക്കുന്നത് 13ന്

 മാനദണ്ഡങ്ങൾ ഇന്ന് ഇറങ്ങിയേക്കും

ആലപ്പുഴ: മദ്യ ദാരിദ്ര്യം വല്ലാതെ അലട്ടിയ അമ്പത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം കള്ളുഷാപ്പുകളുടെ വാതായനങ്ങൾ ബുധനാഴ്ച വീണ്ടും മലർക്കെ തുറക്കും.നിർബ്ബന്ധിത 'വ്രത'ത്തിന് ശേഷം തറവാട്ടിലേക്ക് എത്തുന്ന എല്ലാവർക്കും 'സോമരസം' നൽകി തൃപ്തിപ്പെടുത്താൻ കഴിയുമോ എന്നതാണ് ഏറ്റവും വലിയ പ്രശ്നം. മാത്രമല്ല ഇരുന്നുകുടിക്കണോ, നടന്ന് കുടിക്കണോ, പൊതിഞ്ഞുകെട്ടി കൊണ്ടുപോകണോ തുടങ്ങിയ കാര്യങ്ങളിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. പഴയ സാഹചര്യമായിരുന്നെങ്കിൽ കുടിച്ചുമറിഞ്ഞ് ഷാപ്പടയ്ക്കും വരെ അവിടെത്തന്നെ തങ്ങാമായിരുന്നു. ലോക്ക്ഡൗൺ പ്രോട്ടോക്കോൾ പ്രകാരമുള്ള കള്ളുകുടി എങ്ങനെയായിരിക്കുമെന്നത് കുടിക്കാൻ വെമ്പി നിൽക്കുന്ന പഴയ പതിവുകാർക്കും ഒഴിക്കാൻ കൈതരിച്ചു നിൽക്കുന്ന ഷാപ്പുകാർക്കും തീരെ വ്യക്തമല്ല.

ഷാപ്പു തുറക്കുന്നതു സംബന്ധിച്ച് ഇന്ന് സർക്കാർ നിർദ്ദേശം വരുമെന്നാണ് കരുതുന്നത്.

നിലവിലെ ചട്ടപ്രകാരം ഒരാൾക്ക് കൈവശം വയ്ക്കാവുന്ന കള്ളിന്റെ അളവ് ഒന്നര ലിറ്ററാണ്.ഷാപ്പിൽ ഇരുന്നു കുടിക്കാൻ നിവൃത്തിയില്ലെങ്കിൽ ഇത്രയും മാത്രമായി കള്ള് വാങ്ങിക്കൊണ്ട് പോകുന്നത് ഉപഭോക്താക്കൾക്ക് അത്രകണ്ട് പ്രയോജനപ്പെടില്ല.കൂടുതൽ നൽകാനുള്ള അനുമതി വേണം. നിറച്ചു വരുന്ന കുപ്പികളിൽ തന്നെ കള്ള് കൊടുത്തുവിടാൻ കഴിയില്ലെന്നതാണ് മറ്റൊരു പ്രശ്നം. അതായത്, കുപ്പിയും കരുതി വേണം ഷാപ്പിൽ പോകേണ്ടത്. ഷാപ്പിലേക്കാനാണ് പോകുന്നതെങ്കിലും കുപ്പിയും താങ്ങിപ്പിടിച്ച് ചെല്ലുന്നത് പലരുടെയും 'മാന്യത'യ്ക്ക് നിരക്കണമെന്നില്ല! വീട്ടുകാരെ മുങ്ങിയാണ് ഷാപ്പിലേക്ക് ഇറങ്ങുന്നതെങ്കിൽ കുപ്പി സംഘടിപ്പിക്കലും പ്രതിസന്ധിയാവും.

കുപ്പിയുമായി ചെന്നിട്ട് കള്ള് കിട്ടിയില്ലെങ്കിലോ, അത് വല്ലാത്ത കലിപ്പാവുകയും ചെയ്യുമെന്നുറപ്പ്!

 കള്ളെവിടെ?

ഷാപ്പുകൾ തുറന്നാലും ആവശ്യത്തിന് കള്ള് കിട്ടുമെന്ന് ഒരു ഉറപ്പുമില്ല.ജില്ലയിൽ ആകെയുണ്ടായിരുന്നത് 504 ഷാപ്പുകൾ. ലേലത്തിൽ വിറ്റുപോയിട്ടുള്ളത് 380 എണ്ണം. ബാക്കി അടഞ്ഞു കിടക്കുന്നു. മിക്ക ഷാപ്പുകളിലും ചെത്തു തൊഴിലാളികളുടെ എണ്ണം കുറവാണ്. ചെത്തുന്ന തെങ്ങുകളുടെ എണ്ണവും കുറവ്. പാലക്കാട്ട് നിന്നെത്തുന്ന കള്ളാണ് ആശ്രയം. രണ്ട് മൂന്ന് സ്ഥലങ്ങളിലെ പരിശോധന കഴിഞ്ഞുവേണം കള്ള് ജില്ലിയിലെത്താൻ. വില്പനയുടെ തോതും രീതിയും അറിഞ്ഞ ശേഷമേ ഭക്ഷണം ഉണ്ടാക്കുന്നതിനെക്കുറിച്ച് തീരുമാനമാവൂ.കുട്ടനാട്ടിലെ ഒട്ടുമിക്ക ഷാപ്പുകളിലും വരുമാനത്തിലെ പ്രധാന ഇനം ഭക്ഷണമാണ്.ദൂര സ്ഥലങ്ങളിൽ നിന്നും കുടുംബ സമേതം ഷാപ്പുകളിൽ ഭക്ഷണം കഴിക്കാനെത്തുന്നവരുണ്ട്.

 സമാന്തര ലഹരി

ലോക്ക്ഡൗൺ പ്ര്യാപനത്തിന് ശേഷം, വിദേശമദ്യഷാപ്പുകളും കള്ളുഷാപ്പുകളും ഒരുപോലെ അടഞ്ഞതോടെ വാറ്റുകാർക്കും സ്പിരിറ്റ് കടത്തുകാർക്കും കൊയ്ത്താണ്.ഒരു കുപ്പി വാറ്റ് ചാരായത്തിന് 2000 മുതൽ 2500 രൂപ വരെ ഈടാക്കിയാണ് വില്പന.മാവേലിക്കര, കാർത്തികപ്പള്ളി, ചെങ്ങന്നൂർ മേഖലകളിലാണ് വാറ്രിന്റെയും സ്പിരിറ്റിന്റെയും വിളയാട്ടം ഏറെ.ചേർത്തല ഭാഗത്തും അല്പം വർദ്ധനയുണ്ട്. കുട്ടനാടാണ് പൊതുവെ ശാന്തം.ലോക്ക്ഡൗൺ പ്രഖ്യാപനത്തിന് ശേഷം അബ്കാരി കേസുകളിൽ വൻ വർദ്ധനയാണ് രേഖപ്പെടുത്തയിട്ടുള്ളത്.

..............................................

# എക്സൈസ് എടുത്ത കേസുകൾ

 ആകെ കേസുകൾ.........232

 അറസ്റ്റ് ............................157

 പിടിച്ചെടുത്ത കോട......14,800 ലിറ്റർ

 ചാരായം ........................310 ലിറ്റർ

 സ്പിരിറ്റ് .............................105 ലിറ്റർ

 കള്ള് .................................83 ലിറ്റർ

 അരിഷ്ടം ...........................970 ലിറ്റർ

...........................................

കള്ള് ഷാപ്പുകൾ തുറക്കാനുള്ള തയ്യാറെടുപ്പുകളായി. മാനദണ്ഡങ്ങൾ ഇന്ന് ലഭിച്ചേക്കും. മാട്ടം കെട്ട് അടക്കമുള്ള ജോലികൾ തൊഴിലാളികൾ തുടങ്ങി.കൃത്യമായ പരിശോധനകൾ നടത്തും

(ഷാജി എസ്.രാജൻ, എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ, ആലപ്പുഴ)