tv-r

തുറവൂർ: പഠനം തുടങ്ങി​യ നാൾ മുതൽ ലഭി​ച്ച സ്കോളർഷി​പ്പ് തുകയും വി​ഷുക്കൈനീട്ടവും ദുരി​താശ്വാസത്തി​ന് നൽകി​ മാളവി​ക. കുത്തിയതോട് പഞ്ചായത്ത് ഏഴാം വാർഡ് മഠത്തിപ്പറമ്പിൽ റെജിമോന്റെയും അനിതയുടെയും മകളാണ് മാളവിക.

തന്റെ സമ്പാദ്യം മുഴുവൻ സംഭാവന ചെയ്യണമെന്ന ആഗ്രഹം മാളവി​ക അച്ഛനെയും അമ്മയെയും അറി​യി​ക്കുകയായി​രുന്നു. അവരുടെ താല്പര്യപ്രകാരം വിവാഹ വാർഷിക ദിനമായ ഇന്നലെ രാവിലെ അച്ഛനുമൊത്ത് കുത്തിയതോട് പൊലീസ് സ്റ്റേഷനിൽ എത്തി സ്വരുക്കൂട്ടി വച്ചിരുന്ന 9553 രൂപ മാളവിക കൈമാറി. സ്റ്റേഷൻ ഹൗസ് ഓഫീസർ മുഹമ്മദ് ഷാഫി തൃക ഏറ്റുുവാങ്ങി. ചടങ്ങിൽ എസ്.ഐമാരായ ബാബു, അനിരുദ്ധൻ, പി.ആർ.ഒ. സതീഷ്, വനി​താ സി​വി​ൽ പൊലീസ് ഓഫീസർ ദീപ, പൊതുപ്രവർത്തകൻ സനീഷ് പായിക്കാടൻ എന്നിവർ പങ്കെടുത്തു.

പ്രീ -പ്രൈമറി തലം മുതൽ പഠനത്തിലൂടെയും കലാപരമായും തനിക്ക് ലഭിച്ച സ്കോളർഷിപ്പ് തുകകളും വിഷുവിനുകി​ട്ടുന്ന കൈനീട്ടവും ഉൾപ്പടെ ദുരിതാശ്വാസ നിധിയിലേക്ക് പൂർണ മനസോടെയാണ് മാളവി​ക നൽകിയതെന്ന് എസ്.എൻ.ഡി.പി.യോഗം കുത്തിയതോട് 683-ാം ശാഖാ മാനേജിംഗ് കമ്മിറ്റിയംഗമായ അച്ഛൻ റെജി​മോൻ പറഞ്ഞു. തുറവൂർ വെസ്റ്റ് യു.പി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ മാളവിക സ്കൂൾ ലീഡറും കൂടിയാണ്. പഠനത്തിൽ മികവ് പുലർത്തി വരുന്ന മാളവിക ഉപന്യാസ - കലാ മത്സരങ്ങളിലും നിറയെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.