ആലപ്പുഴ: ഹോം ക്വാറന്റൈൻ നിർദ്ദേശിച്ചിട്ടുള്ളവർ അവർക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ള പ്രത്യേക മുറികളിൽ തന്നെ കഴിയണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.
ഒരു കാരണവശാലും നിരീക്ഷണത്തിലുള്ളവർ മുറിക്ക് വെളിയിലേക്ക് പോകാൻ പാടില്ല. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ ടോയ്ലറ്റ് അറ്റാച്ച്ഡ് ആയ മുറികളിൽ തന്നെ കഴിഞ്ഞുകൂടുന്നു എന്ന് വീട്ടിലുള്ളവർ ഉറപ്പുവരുത്തണം. ഈ മുറിയിലേക്ക് മറ്റുള്ളവർ ഒരുകാരണവശാലും പ്രവേശിക്കരുത്. നിശ്ചിത ഇടവേളകളിൽ മുറി വൃത്തിയാക്കേണ്ട സാഹചര്യത്തിൽ നിരീക്ഷണത്തിലുള്ളവർ തന്നെ അത് ചെയ്യണം. ഭക്ഷണം വീട്ടിലെ അംഗങ്ങളിൽ ആരെങ്കിലും ഒരാൾ മാത്രം ഇവർക്ക് കൊടുക്കുന്നതാണ് നല്ലത്. മുറിക്കു വെളിയിൽ ഭക്ഷണം എത്തിച്ച് നൽകണം. ഭക്ഷണം കഴിച്ചശേഷം പാത്രം സ്വയം കഴുകി വൃത്തിയാക്കി വയ്ക്കണം. നിരീക്ഷണത്തിലുള്ളയാൾ ഉപയോഗിച്ച വസ്ത്രങ്ങളും മറ്റും അവർ തന്നെ കഴുകി അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണം. ഇവർ ഉപയോഗിച്ച വസ്ത്രങ്ങളോ വീട്ടുപകരണങ്ങളോ മറ്റുള്ളവർ ഒരു കാരണവശാലും ഉപയോഗിക്കാൻ പാടില്ല. നിരീക്ഷണത്തിലുള്ളവർ വീട്ടിലെ മറ്റ് അംഗങ്ങളിൽ നിന്നും അകന്ന് തങ്ങളുടെ മുറിക്കുള്ളിൽ തന്നെ കഴിഞ്ഞുകൂടണമെന്നും ഡി.എം.ഒ ആവശ്യപ്പെട്ടു.