sajna

ആലപ്പുഴ: ഉമ്മയുടെ മരണാനന്തര ചടങ്ങുകൾ നടക്കുമ്പോൾ ക്വാറന്റൈൻ വാർഡിൽ നിശബ്ദം തേങ്ങുകയായിരുന്നു സജ്ന, ആശ്വസിപ്പിക്കാൻ പോലും ആരുമില്ലാതെ. ഇക്കഴിഞ്ഞ മാർച്ച് 25 ന് ഉമ്മ സൈനബയോടു (58) യാത്ര പറഞ്ഞ് ഡ്യൂട്ടിക്കു പോകുമ്പോൾ അവർക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നമുള്ളതായി സജ്നയ്ക്കു തോന്നിയില്ല. കുറെനാളായുള്ള ശ്വാസംമുട്ടലിന് മരുന്നു കഴിക്കുന്നുണ്ടെന്നു മാത്രം.

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിലാണ് സജ്നയ്ക്ക് അന്ന് ഡ്യൂട്ടി . കൊവിഡ് സ്ഥിരീകരിച്ച ഹരിപ്പാട് സ്വദേശി അടക്കമുള്ള രോഗികളാണ് വാർഡിൽ. ഏപ്രിൽ നാലിന് ഡ്യൂട്ടി അവസാനിച്ചു. കൊവിഡ് വാർഡിൽ ഡ്യൂട്ടി ചെയ്താൽ 14 ദിവസം ക്വാറന്റൈൻ നിർബന്ധം. അങ്ങനെ സജ്നയും മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ നിരീക്ഷണത്തിലായി. ഏപ്രിൽ ആറിനു വൈകിട്ടാണ് ഉമ്മ സൈനബ വീട്ടുമുറ്റത്ത് ബോധം മറഞ്ഞ് വീണത്. സജ്നയുടെ സഹോദരൻ മുഹമ്മദ് സജീവും ഭർത്താവ് സമീറും ചേർന്ന് സൈനബയെ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുഴഞ്ഞുവീണ് മരിച്ചതിനാൽ പോസ്റ്റ്മോർട്ടം വേണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം. മോർച്ചറി ടേബിളിൽ ഉമ്മയുടെ പോസ്റ്റ്മോർട്ടം നടക്കുമ്പോൾ, പുറത്തിറങ്ങാനാവാതെ തൊട്ടപ്പുറത്ത് വിങ്ങുന്ന മനസുമായി സജ്നയുണ്ട്. ഉമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ 24 മണിക്കൂർ സമയം ക്വാറന്റൈനിൽ ഇളവു കിട്ടും. പക്ഷെ,​ താൻ കാരണം മറ്റൊരാളിലേക്ക് കൊവിഡ് എത്തരുതെന്ന് നിർബന്ധമുണ്ടായിരുന്നതു കൊണ്ട് സജ്ന അതു വേണ്ടെന്നുവച്ചു. അന്ന് പിതാവ് ജലീലിനെ ഒന്നാശ്വസിപ്പിക്കാൻ പോലും കഴിയാതിരുന്നതാണ് സജ്നയ്ക്ക് ഇപ്പോഴുമുള്ള ദുഃഖം.

ജനറൽ നഴ്സിംഗ് കഴിഞ്ഞ് 10 വർഷം മുമ്പാണ് സജ്ന ആലപ്പുഴ മെഡക്കൽ കോളേജ് ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ ഇലക്ട്രിക്കൽ കോൺട്രാക്ടറാണ് ഭർത്താവ് സമീർ. നാലാം ക്ളാസുകാരൻ സാജിദും രണ്ടാം ക്ളാസുകാരൻ സഹദും മക്കൾ. താമസം ആലപ്പുഴ കനാൽ വാർഡിലെ സാജിദ് മൻസിലിൽ.