 മാങ്കരി പാടശേഖരം നശിപ്പിക്കാൻ ആസൂത്രിത ശ്രമം

മാരാരിക്കുളം:മാങ്കരി കായലോര കരിനിലങ്ങൾ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിന്റ കാർഷിക ഭൂപടത്തിൽ നിന്നും നീക്കം ചെയ്യുന്നതിനുള്ള ഗൂഢനീക്കം നടക്കുന്നതായി ആക്ഷേപം.

കാൽ നൂറ്റാണ്ടിലധികം തരിശായി കിടന്നിരുന്ന 27 ഏക്കർ വരുന്ന ഈ പാടശേഖരം 2009-2010ലെ, സർക്കാരിന്റെ തരിശുരഹിത പഞ്ചായത്തിൽ പോലും ഉൾപ്പെട്ടിരുന്നില്ല.പ്രദേശത്തെ കർഷകർ അപേക്ഷ നൽകിയതിനെ തുടർന്ന് സുതാര്യകേരളം പരിപാടിയിൽ ഉൾപ്പെടുത്തി 2010മുതൽ 2012വരെ കൃഷിയുംചെയ്തിരുന്നു.തുടർന്ന് ഈ പാടശേഖരത്തിൽ കുട്ടനാട് പാക്കേജിൽ നിന്ന് 54 ലക്ഷം രൂപ അനുവദിച്ച് പുറംബണ്ടും സെന്റർ ചാലും പെട്ടി ബണ്ടും നിർമ്മിച്ചു.ഈ പെട്ടി ബണ്ടിൽ പെട്ടിയും പറയും സ്ഥാപിച്ച് 2016 മേയിൽ സീസൺ കൃഷിക്ക് തയ്യാറെടുത്തിരുന്നതാണ്.എന്നാൽജലമലിനീകരണം ഉണ്ടെന്ന വ്യാജപരാതിയിൽ മണ്ണഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തെ തുടർന്ന് 2016 മേയ് 25ന് കർഷകരോ കർഷക സംഘമോ അറിയാതെ പെട്ടി ബണ്ട് പൊളിച്ച് നശിപ്പിച്ചു. ഇതിനെതിരെ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് കർഷക സംഘം പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. നാല് വർഷം പിന്നിട്ടതോടെ നിലവിൽ കർഷക സംഘത്തിന്റെ പ്രവർത്തനവും നിലച്ച അവസ്ഥയിലാണ്.
ഇപ്പോൾ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ പശ്ചാത്തലത്തിൽ, കൃഷി ചെയ്യുന്നതിനായി ഈ പാടശേഖരത്തിലെ വടക്ക് പടിഞ്ഞാറെ ഭാഗം പാട്ടക്കാരന് നൽകാനുള്ള നീക്കും നടക്കുന്നുണ്ട്.സമീപത്തെ തെക്കേക്കരി പാടശേഖരവുമായി ചേർത്ത് കൃഷി ഇറക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നത്. മാത്രമല്ല അധികൃതരുടെ ഒത്താശയോടെ നിലം നികത്തലും വ്യാപകമാണെന്ന് പരാതിയുണ്ട്. പ്രദേശത്തെ 20 ലധികം കർഷകർ ചേർന്നാണ് മാങ്കരി നെല്ലുത്പാദക കർഷക സംഘത്തിന്റെ കീഴിൽ ഇവിടെ കൃഷി ഇറക്കിയിരുന്നത്.കൃഷി നിലച്ചതോടെ കർഷകർ ദുരിതത്തിലാണ്.കൃഷി ഓഫീസറുടെ നേതൃത്വത്തിൽ കർഷ സംഘം വിളിച്ചു ചേർത്ത് മാങ്കരി പാടശേഖരം കൃഷി യോഗ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

........................................

കർഷക സംഘം അടിയന്തരമായി വിളിച്ച് പുതിയ കമ്മിറ്റി രൂപീകരിച്ച് മാങ്കരി പാടശേഖരത്തിൽ കൃഷിയിറക്കാൻ നടപടി സ്വീകരിക്കണം. നശിപ്പിച്ച പെട്ടി ബണ്ട് പുനർനിർമ്മിക്കണം. പ്രളയകാലത്ത് വെള്ളം കയറി നശിച്ച മോട്ടോർ മാറ്റി പുതിയ മോട്ടോർ സ്ഥാപിക്കണം

(എം.കെ.തമ്പാൻ, മാങ്കരി നെല്ലുത്പാദക സമിതി മുൻ അംഗം)