ആലപ്പുഴ: നിലവിൽ ജില്ലയിലെ കൊവിഡ് കെയർ സെന്ററുകളിൽ ആകെ പ്രവേശിപ്പിച്ചിട്ടുള്ളത് 69 പ്രവാസികൾ. കൊച്ചി, കരിപ്പൂർ വിമാനത്താവളങ്ങൾ വഴി വന്ന 33 പേരും മാലദ്വീപിൽ നിന്ന് കപ്പൽ വഴി എത്തിയ 36 പേരും ഉൾപ്പെടെയാണിത്.
ജില്ലയിൽ ഇതുവരെ വിമാനത്താവളങ്ങൾ വഴി ആകെ എത്തിയ പ്രവാസികളുടെ എണ്ണം 52 ആണ്. ഏഴ്,എട്ട്, ഒമ്പത് തീയതികളിൽ നെടുമ്പാശേരിയിലും കരിപ്പൂരും എത്തിയ വിമാനങ്ങളിൽ വന്നവരാണിവർ. ഇതിൽ ഗർഭിണികളെയും കുട്ടികളെയും സർക്കാർ നിർദ്ദേശിച്ച മറ്റ് ഇളവുകൾ അനുവദിച്ചവരെയും വീടുകളിൽ തന്നെ ഐസൊലേഷനിൽ പോകാൻ നിർദ്ദേശം നൽകി. 18 പേരെ തണ്ണീർമുക്കത്തെ കെ.ടി.ഡി.സി ഹോട്ടലിലാണ് താമസിപ്പിച്ചിട്ടുള്ളത്. പ്രായാധിക്യമുള്ള ഒരാളെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൊവിഡ് ലക്ഷണങ്ങൾ ഒന്നുമില്ലെങ്കിലും കൂടുതൽ ശ്രദ്ധ നൽകുന്നതിനാണ് ഈ വ്യക്തിയെ ആശുപത്രി ഐസൊലേഷനിൽ പ്രവേശിപ്പിച്ചത്.
ശനിയാഴ്ച രാത്രി വന്ന പ്രവാസികളിൽ 14 പേരെയാണ് ചേർത്തല ശ്രീബാലാജി കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചത്. ഇവരിൽ 12 പേരെ പിന്നീട് മാരാരിക്കുളം വടക്ക് സന്താരി പേൾ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റി. പണം നൽകി താമസിക്കാൻ തയ്യാറായ രണ്ടു പേരെ കെ.ടി.ഡി.സി യുടെ റിപ്പിൾ ലാൻഡിലേക്ക് മാറ്റി. മാലദ്വീപിൽ നിന്നു കപ്പലിൽ കൊച്ചിയിലെത്തിയ ആലപ്പുഴ ജില്ലയിൽ നിന്നുള്ള 42 പേരിൽ 36 പേരെ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. കണിച്ചുകുളങ്ങര പിൽഗ്രിം സെന്ററിലാണ് ഇവരെ താമസിപ്പിക്കുക. ഗർഭിണികൾ അടക്കം, സർക്കാർ ഹോം ക്വാറന്റൈൻ നിർദേശിച്ച വിഭാഗത്തിലുള്ള 6 പേരെ വീടുകളിൽ ഐസൊലേഷനിൽ പോകാൻ അനുവദിച്ചു.
കെ. എസ്.ആർ.ടി.സി ബസിലാണ് കൊച്ചിയിൽ നിന്നു ഇവർ കണിച്ചുകുളങ്ങര എത്തിയത്. ആർ.ഡി.ഒ എസ് .സന്തോഷ് കുമാർ, ചേർത്തല തഹസിൽദാർ ആർ. ഉഷ, മാരാരിക്കുളം നോർത്ത് വില്ലേജ് ഓഫീസർ അനൂജ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.