ആലപ്പുഴ: നട്ടെല്ലിനും സുഷുമ്ന നാഡിയിലും അണുബാധയുണ്ടായി ശരീരം തളർന്ന് അബുദാബിയിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന എടത്വ പച്ച ചെക്കിടിക്കാട് കറുകശേരി വീട്ടിൽ മനോജ് മോഹനെ (46) നാട്ടിലെത്തിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ കൺവീനർ അഡ്വ. പി. സുപ്രമോദം മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
അബുദാബിയിലെ യൂണിയൻ പൈപ്പ് ഇൻഡസ്ട്രിയിൽ വെൽഡറായ മനോജിനെ കഴിഞ്ഞ ഏപ്രിൽ 27നാണ് അണുബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇടതുവശം തളർന്നതോടെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. മേയ് അഞ്ചിന് നടന്ന ശസ്ത്രക്രിയയ്ക്കു ശേഷം ഐ.സി.യുവിൽ തുടരുകയാണ്. ഭാര്യ സിന്ധുവും പ്ളസ് ടു, ഡിഗ്രി വിദ്യാർത്ഥികളായ മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് മനോജ്. എത്രയും പെട്ടന്ന് മനോജിനെ നാട്ടിലെത്തിച്ച് ചികിത്സ ലഭ്യമാക്കണമെന്നാണ് ഇവരുടെ ആഗ്രഹം. പൂർണമായും കിടപ്പായതിനാൽ എല്ലാ കാര്യങ്ങൾക്കും പരസഹായം ആവശ്യമാണ്. നിലവിൽ സുഹൃത്തുക്കളാണ് സഹായത്തിനുള്ളത്. നാട്ടിലെത്തിക്കാൻ എയർ ആംബുലൻസിന്റെ സഹായം ആവശ്യമായി വരും. എന്നാൽ ഇതിനൊക്കെ ആവശ്യമായ ചെലവ് താങ്ങാനാവുന്ന അവസ്ഥയിലല്ല കുടുംബാംഗങ്ങൾ.
മനോജിനെ നാട്ടിലെത്തിക്കാൻ കൊവിഡ് പശ്ചാത്തലത്തിൽ യു.എ.ഇ, ഇന്ത്യ സർക്കാരുകളുടെ സജീവ ഇടപെടൽ ആവശ്യമാണ്. മനോജിനെ നാട്ടിലെത്തിക്കാനുള്ള ചെലവ് വഹിച്ച് സർക്കാർ സഹായിക്കണമെന്നാണ് കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും അഭ്യർത്ഥന. 9 വർഷമായി പ്രവാസിയാണ് മനോജ്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശപ്രകാരമാണ് യൂണിയൻ നേതൃത്വം മനോജിനെ നാട്ടിലെത്തിക്കാനുള്ള പരിശ്രമങ്ങൾ ആരംഭിച്ചത്.