മാവേലിക്കര: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 5ന് ജില്ലയിലെ എല്ലാ മുനിസിപ്പൽ, പഞ്ചായത്ത് കേന്ദ്രങ്ങളിലും പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി യു.അശോക കുമാർ അറിയിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പെട്രോൾ, ഡീസൽ വിലവർദ്ധനവിലൂടെ നടത്തിവരുന്ന തീവെട്ടിക്കൊള്ള അവസാനിപ്പിക്കുക, തൊഴിൽ സമയം 12 മണിക്കൂറായി വർദ്ധിപ്പിച്ച തൊഴിൽ നിയമ ഭേദഗതി പിൻവലിക്കുക, ലോക്ക് ഡൗൺ കാലയളവിൽ ആട്ടോകൾക്കുള്ള യാത്രാവിലക്ക് പിൻവലിക്കുക, ലോക്ക് ഡൗൺ കാലയളവിൽ തൊഴിൽ നഷ്ടത്തിന് തൊഴിലാളികൾക്ക് ആശ്വാസ വേതന പദ്ധതി നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കുന്നത്.
ജില്ലാതല ഉദ്ഘാടനം ആലപ്പുഴയിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു നിർവ്വഹിക്കും. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് ജി.ബൈജു അദ്ധ്യക്ഷനാവും. ഷാനിമോൾ ഉസ്മാൻ എം.എൽ.എ, പി.സി. വിഷ്ണുനാഥ്, എ.എ. ഷുക്കൂർ, അഡ്വ.ഡി.സുഗതൻ, ജോൺസൺ എബ്രഹാം, സി.ആർ. ജയപ്രകാശ്, എ.കെ. രാജൻ, ബാബു ജോർജ്ജ് തുടങ്ങിയ നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ പരിപാടി ഉദ്ഘാടനം ചെയ്യും.