ഹരിപ്പാട്: കർഷക തൊഴിലാളി പെൻഷൻ തുകയും മക്കൾ നൽകിയ തുകയും ചേർത്തുവച്ച്, തൊഴിലാളി സമരനായികയായ വീയപുരം മേൽപ്പാടം കൊച്ചുപുരയിൽ കുഞ്ഞുകുഞ്ഞമ്മ രാഘവൻ (97) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് 10,000 രൂപ.
മേൽപ്പാടത്തെ കർഷക തൊഴിലാളി സമര ചരിത്രങ്ങളിൽ ഇപ്പോഴും തിളങ്ങുന്ന പേരാണ് കുഞ്ഞുകുഞ്ഞമ്മ. കൂലി കൂടുതലിനായി കർഷക തൊഴിലാളികൾ നടത്തിയ സമരത്തിന്റെ നേതാവായിരുന്ന കുഞ്ഞുകുഞ്ഞമ്മ 28 ദിവസം കൈക്കുഞ്ഞുമായി ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. മേല്പാടത്തെ രക്തസാക്ഷി കുട്ടിയമ്മയുടെ സഹപ്രവർത്തകയും കുടുംബാംഗവുമാണ്. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം പതിവായി കേൾക്കുന്ന അമ്മ തന്റെ ആഗ്രഹം മകൻ രവിയുമായി പങ്കുവെച്ചു.കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി എം.സത്യപാലൻ വീട്ടിലെത്തി തുക ഏറ്റുവാങ്ങി. സി.പി.എം മാന്നാർ ഏരിയ സെക്രട്ടറി പി.ഡി.ശശിധരൻ, വീയപുരം എൽ.സി സെക്രട്ടറി പി.ഓമന, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസാദ് കുമാർ, എൽ.സി അംഗം സൈമൺ എബ്രഹാം എന്നിവർ പങ്കെടുത്തു