അരൂർ: ഇതര സംസ്ഥാനങ്ങളിൽ നിന്ന് വിവിധ ചെക്ക് പോസ്റ്റുകൾ വഴി ചേർത്തല താലൂക്കിന്റെ വടക്കൻ മേഖലയിലെത്തിയ 50 പേർ ക്വാറന്റൈനിൽ പ്രവേശിച്ചു.
അരൂർ പഞ്ചായത്തിൽ 12, അരൂക്കുറ്റി - 23, കോടംതുരുത്ത് - 7, കുത്തിയതോട് - 8 എന്നിങ്ങനെയാണ് ക്വാറന്റൈനിൽ കഴിയുന്നവരുടെ എണ്ണം. നാഗർകോവിൽ, തഞ്ചാവൂർ,ചെന്നൈ, ബംഗളുരു, മുംബയ് എന്നിവിടങ്ങളിൽ നിന്ന് വന്നവരാണ് ഇവർ. വിവിധ സ്ഥാപനങ്ങളിലെ ജോലിക്കാരും കുടുംബസമേതം ഇതര സംസ്ഥാനങ്ങളിൽ താമസിച്ചിരുന്നവരുമാണ് എത്തിയവരിൽ അധികവും. അരൂരിലെ 12 പേരിൽ അഞ്ചു പേർ റെഡ് സോണിൽ നിന്ന് എത്തിയവരാണ്. ഏഴു പേർ വീടുകളിലാണ് ക്വാറന്റൈനിൽ കഴിയുന്നത്. വീടുകളിൽ അസൗകര്യം ഉള്ളതിനാൽ ബന്ധുവീട്ടിലാണ് ചിലർ കഴിയുന്നത്.
അരൂക്കുറ്റിയിലെ 23 പേരും വീടുകളിൽ തന്നെ നീരീക്ഷണത്തിലാണ്. കുത്തിയതോട് പഞ്ചായത്തിൽ എത്തിയ 8 പേരിൽ 2 പേർ റെഡ് സോണിൽ നിന്നുള്ളവരാണ്. കോടംതുരുത്ത് പഞ്ചായത്തിലെ ചെന്നൈയിൽ നിന്നെത്തിയ 2 പെൺകുട്ടികൾ ആലപ്പുഴ റിസോർട്ടിലെ കൊവിഡ് കെയർ സെന്ററിലാണ് കഴിയുന്നത്. 2 പേരെ എഴുപുന്ന തെക്ക് വല്ലേത്തോട്ടിലുള്ള കൊവിഡ് കെയർ സെന്ററിലേക്കും മാറ്റി.