ചേർത്തല:മാല ദ്വീപിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശികളായ 36 പേരെ കണിച്ചുകുളങ്ങരയിൽ നിരീക്ഷണത്തിലാക്കി. ദേവീ ക്ഷേത്രത്തിന് പടിഞ്ഞാറ് സ്വകാര്യ വ്യക്തിയുടെ മൂന്ന് നില കെട്ടിടത്തിലാണ് ഇവർക്കായി സൗകര്യം ഒരുക്കിയിട്ടുളളത്.
ഇന്നലെ വൈകിട്ട് നാല് മണിയോടെ പ്രത്യേക കെ.എസ്.ആർ.ടി.സി ബസുകളിലാണ് ഇവർ എത്തിയത്.മാരാരിക്കുളം പൊലീസും മാരാരിക്കുളം വടക്ക് വില്ലേജ് മാരാരിക്കുളം വടക്ക് പഞ്ചായത്ത് അധികൃതരും പ്രാഥമിക ആരോഗ്യ കേന്ദ്രവും ചേർന്ന് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി.42 പേരാണ് ഇവിടെ എത്തിയത്. അർത്തുങ്കൽ,പള്ളിപ്പുറം സ്വദേശികളായ ഗർഭിണികളെ അവരുടെ വീടുകളിലേക്കും ചെങ്ങന്നൂർ സ്വദേശികളായ നാലംഗ കുടുംബത്തെ ചെങ്ങന്നൂരിലേക്കും നിരീക്ഷണത്തിൽ കഴിയാനായി പ്രത്യേക വാഹനത്തിൽ കൊണ്ടുപോയി. നിലവിൽ 36 പേരാണ് കണിച്ചുകുളങ്ങരയിൽ നിരീക്ഷണത്തിൽ കഴിയുന്നത്.ഉത്സവകാലത്ത് കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ ഭജന വഴിപാടിന് എത്തുന്ന ചിക്കരക്കുട്ടികൾക്ക് താമസിക്കുന്നതിനായി ക്ഷേത്രവും സ്വകാര്യ വ്യക്തികളും നൂറുകണക്കിന് മുറികളാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്.ഈ മുറികൾ കൊവിഡ് പ്രതിരോധനത്തിനായി വിട്ടുനൽകാൻ കണിച്ചുകുളങ്ങര ദേവസ്വവും സ്വകാര്യ വ്യക്തികളും നേരത്തെ സമ്മതം നൽകിയിരുന്നു.