 സർവ്വീസിന് അനുമതി തേടി ജലഗതാഗത വകുപ്പ്

ആലപ്പുഴ:കൊവിഡ് നിയന്ത്രങ്ങളുടെ കെട്ടഴിഞ്ഞു തുടങ്ങിയതോടെ ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ മാത്രം ആശ്രയമുള്ള ദ്വീപ് നിവാസികളും കുട്ടനാടിന്റെ ഉൾഭാഗങ്ങളിലുള്ളവരും മറുകരയൊന്നു കാണാൻ കൊതിയോടെ കാത്തിരിക്കുന്നു. നഗരങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്നതോടെ വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാനും മറ്റും പുറത്തേക്കു പോകാൻ വാടകയ്ക്ക് വള്ളമോ ബോട്ടോ വിളിക്കേണ്ട അവസ്ഥയിലാണ് ഇവർ. ദ്വീപ് വാസികൾക്ക് അത്യാവശ്യ യാത്രകൾക്കായി ബോട്ട് സർവീസ് നടത്താൻ അനുമതി നൽകണമെന്ന അപേക്ഷയുമായി ജലഗതാഗത വകുപ്പ് സർക്കാരിനെ സമീപിച്ചിട്ടുണ്ട്.

മറുകര എത്തണമെങ്കിൽ ജലമാർഗമല്ലാതെ മറ്റ് വഴികളില്ലാത്തതിനാൽ ഏറ്റവും യാത്രാക്ലേശം അനുഭവിക്കുന്ന ഇവർക്ക് സർക്കാർ ബോട്ടുകളല്ലാതെ ബദൽ മാർഗം ഏർപ്പെടുത്താനാവില്ല. അതുകൊണ്ടുതന്നെ സ്വന്തം ചെലവിൽ മറുകരയെത്തേണ്ടി വരും. അടിയന്തര ആവശ്യങ്ങൾക്ക് ജല ആംബുലൻസ് ഉള്ളതാണ് ഇവർക്ക് ഏക ആശ്വാസം. ഗ്രീൻ സോണുകളിൽ വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ പഴയപടിയായതോടെ ഇവിടങ്ങളിൽ ജോലിക്കെത്തുന്നതാണ് കുട്ടനാട്ടുകാരുടെ പ്രധാന വെല്ലുവിളി. പലരും വാടക വള്ളങ്ങളെ ആശ്രയിച്ചാണ് കരപിടിക്കുന്നത്. ബസും ആട്ടോയും ഇല്ലാത്തതിനാൽ ജോലി സ്ഥലത്തേക്കുള്ള തുടർ യാത്രയും ബുദ്ധിമുട്ടാണ്. കുട്ടനാട്ടിൽ നിന്നെത്തുന്ന ജോലിക്കാർക്കായി ഏതാനും സ്ഥാപനങ്ങൾ സ്വകാര്യ വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

സാമൂഹിക അകലം പാലിക്കുന്ന തരത്തിൽ ബോട്ട് സർവീസ് പുനരാരംഭിക്കാൻ അനുമതി ലഭിക്കണമെന്നാണ് ജനങ്ങളുടെയും ജലഗതാഗത വകുപ്പിന്റെയും ആവശ്യം. സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി രോഗ പ്രതിരോധത്തിനും സാമൂഹ്യ വ്യാപനം തടയാനും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സ്റ്റേഷൻ മാസ്റ്റർമാർക്ക്, വകുപ്പ് മാർഗനിർദ്ദേശങ്ങൾ കൈമാറിക്കഴിഞ്ഞു.

........................

യാത്ര ആരംഭിക്കുന്നതിന് മുന്നോടിയായി ജലഗതാഗത വകുപ്പ് തുടക്കം കുറിച്ച ക്ലീൻ ദി ബോട്ട് ചലഞ്ചിന് ജീവനക്കാർക്കിടയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. യന്ത്രത്തകരാർ മുതൽ വെള്ളക്കേട് വരെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയാണിപ്പോൾ

(ഷാജി ബി.നായർ, ജലഗതാഗത വകുപ്പ് ഡയറക്ടർ)