ആലപ്പുഴ: മന്ത്രി ജി. സുധാകരൻ ലോക്ക്ഡൗൺ പ്രോട്ടോക്കോൾ ലംഘിച്ചെന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂറിന്റെ ആരോപണം തള്ളിയ, കോൺഗ്രസ് നേതാവായ ആലപ്പുഴ നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനെതിരെ പാർട്ടിയിൽ പടയൊരുക്കം. കുഞ്ഞുമോനെതിരെ കെ.പി.സി.സിക്ക് പരാതി നൽകുമെന്ന് ഷുക്കൂർ പത്രസമ്മേളനത്തിൽ പറഞ്ഞു. മന്ത്രിക്കും നഗരസഭ ഭരണാധികാരികൾക്കുമെതിരെ കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഷുക്കൂർ വ്യക്തമാക്കി.

ഭവന രഹിതർക്കായി ആലപ്പുഴ നഗരസഭ നിർമ്മിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ മന്ത്രി ജി. സുധാകരൻ പ്രോട്ടോക്കോൾ ലംഘിച്ചെന്ന ആരോപണം കോൺഗ്രസിൽ ഗ്രൂപ്പ് വിഴുപ്പലക്കിന് വഴിയൊരുക്കിയിരിക്കുകയാണ്. ആലപ്പുഴ നഗരത്തിൽ ഐ ഗ്രൂപ്പിലെ രണ്ടു ചേരികളിലാണ് ഷുക്കൂറും ഇല്ലിക്കൽ കുഞ്ഞുമോനും. ഷുക്കൂറിന്റെ പ്രസ്താവനയെ മറ്റു ചില നേതാക്കൾ ഏറ്റുപിടിച്ചെങ്കിലും മന്ത്രി ജി. സുധാകരൻ യാതൊരുവിധ പ്രോട്ടോക്കോൾ ലംഘനവും നടത്തിയില്ലെന്ന് അടിവരയിടും വിധം മദ്ധ്യമങ്ങളിൽ പ്രസ്താവന നൽകിക്കൊണ്ടാണ് ഇല്ലിക്കൽ കുഞ്ഞുമോൻ രംഗത്തെത്തിയത്. എന്നാൽ ഡി.സി.സി നേതൃത്വം ഇതുവരെ വിഷയത്തിൽ പ്രതികരിച്ചില്ല.

ശിലാസ്ഥാപന സ്ഥലത്ത് ആലപ്പുഴ നോർത്ത് പൊലീസ് നോക്കി നിൽക്കേയാണ് മന്ത്രി സർക്കാർ നിർദേശം ലംഘിച്ചതെന്ന് ഷുക്കൂർ ഇന്നലെ ഡി.സി.സി ഓഫീസിൽ നടത്തിയ പത്രസമ്മേളനത്തിൽ ആരോപിച്ചു. സംഭവത്തിൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകി. മാസ്ക് ധരിക്കാതെ ആളെ കൂട്ടിയിട്ടും കേസ് എടുക്കാത്തത് പൊലീസിന്റെ ഇരട്ട നീതിയാണ് വ്യക്തമാക്കുന്നത്. ജനപ്രതിനിധികളായ കോൺഗ്രസ് നേതാക്കളുടെയും നാലുപേരെ കൂട്ടി കോൺഗ്രസ് നടത്തുന്ന സമരങ്ങൾക്കെതിരെയും കേസെടുക്കാൻ കാട്ടുന്ന ജാഗ്രത മന്ത്രിയുടെ കാര്യത്തിൽ പൊലീസ് കാട്ടുന്നില്ല. നിയമം എല്ലാവർക്കും തുല്യമാണ്. മന്ത്രിയുടെ തൻപ്രമാണിത്തം നിലയ്ക്കു നിറുത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും എ.എ.ഷുക്കൂർ ആവശ്യപ്പെട്ടു.