ആശുപത്രി വാർഡിലെ വിടർന്ന ഒരു സ്നേഹബന്ധത്തന്റെ കഥ
അമ്പലപ്പുഴ: ആലപ്പുഴ മെഡി. ആശുപത്രിയിലെ ആ മാലാഖമാരുടെ ആരുമായിരുന്നില്ല അബ്ദുൾ സലാം. കൈയും കാലം ഒടിഞ്ഞ നിലയിലാണ് പൊലീസുകാർ കൊണ്ടുവന്നത്. കൊല്ലം സ്വദേശി. വയസ് 80. മുൻകോപം മൂക്കിൻതുമ്പിൽത്തന്നെ സൂക്ഷിച്ചിട്ടുണ്ട്. വേദനകൊണ്ട് പുളയാൻ തുടങ്ങിയതോടെ വാർദ്ധക്യ സഹജമായ സകലവിധ ചാപല്യങ്ങളും ആശുപത്രിക്കിടക്കയിൽ അബ്ദുൾ സലാം ഒന്നിനുപിന്നാലെ ഒന്നായി പുറത്തെടുത്തു. പക്ഷേ രണ്ടുദിവസം പിന്നിട്ടതോടെ, ആ വൃദ്ധനോട് അവർക്ക് അച്ഛനോടെന്നപോലെ സ്നേഹമായി. അദ്ദേഹത്തിന് മക്കളെപ്പോലെ വാത്സല്യവും. ഇന്നലെ ആശുപത്രി വാർഡിൽ വച്ച് പരസ്പരം യാത്രപറഞ്ഞ് പിരിയുമ്പോൾ അച്ഛന്റെയും ആ 9 'മക്കളുടെ'യും കണ്ണുകളിൽ സ്നേഹക്കണ്ണീരുതിർന്നു.
ആശുപത്രിയിലെ നാലാം വാർഡിൽ ഇന്നലെയാണ് ഒരച്ഛനും മക്കളും തമ്മിൽ 20 ദിവസം മാത്രം നീണ്ട ഗാഢബന്ധത്തിനു ശേഷം വേർപിരിഞ്ഞത്. കൊല്ലത്തെ തെരുവോരങ്ങളിലും ഒഴിഞ്ഞ വീടുകളിലും അന്തിയുറങ്ങിയിരുന്ന അബ്ദുൾ സലാമിനെ ഏപ്രിൽ 20നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. കൊല്ലം ഇടക്കുളങ്ങരയിലുള്ള ആളൊഴിഞ്ഞ കെട്ടിടത്തിന് മുകളിൽ അന്തിയുറങ്ങാൻ കയറിയ ഇദ്ദേഹം കാലു തെറ്റി വീഴുകയായിരുന്നു. കൈയും കാലും ഒടിഞ്ഞു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസുകാർ ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചു.
നാലാം വാർഡിൽ പ്രവേശിപ്പിച്ച അബ്ദുൾ സലാമിനെ പരിചരിക്കാൻ ആരുമുണ്ടായില്ല. ഇതോടെ വാർഡിലെ നഴ്സുമാർ അടുത്തുകൂടി. പക്ഷേ, ആദ്യമൊന്നും ഇവരുടെ സ്നേഹം കക്ഷിക്ക് അത്രരസിച്ചില്ല. ശുണ്ഠിനിറഞ്ഞ മുഖഭാവമായിരുന്നു എല്ലായ്പോഴും. അതോടെ നഴ്സുമാർക്കു 'വല്യപ്പ'നെയും അത്ര ബോധിച്ചില്ല. എങ്കിലും ആരുമില്ലാത്ത രോഗികളെ പരിചരിക്കാനുള്ള ബാദ്ധ്യത ഏറ്റെടുത്ത എസ്. ഗീത, പെണ്ണമ്മ, കെ.നിഷ, തോമസ്, സിസിലിൻ, ജിനി,നിധില,മുനീറ,സുരേഷ് എന്നീ നഴ്സുമാർ അബ്ദുൾ സലാമിനെ സഹിക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു. വസ്ത്രങ്ങളും ആഹാരവും മരുന്നും നൽകി സ്വന്തം പിതാവിനെ പോലെ ഇവർ മാറിമാറി പരിചരിച്ചു. പൊതുപ്രവർത്തകരുടെ സഹായത്തോടെയാണ് പുറത്തു നിന്നുള്ള മരുന്നുകളും ഭക്ഷണവും വാങ്ങിയത്. അധിക ദിവസങ്ങൾ പിന്നിടും മുമ്പുതന്നെ അവരൊമ്പത് പേരും അബ്ദുൾ സലാമിനു മക്കളെപ്പോലെയായി. വാർഡിലെ മറ്റുള്ള രോഗികളും കൂട്ടിരിപ്പുകാരും ഈ സ്നേഹവാത്സല്യ പ്രകടനങ്ങളുടെ നേർസാക്ഷികളായി.
അവസ്ഥ മെച്ചപ്പെട്ടതോടെ അബ്ദുൾ സലാമിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്കു മാറ്റാൻ മെഡി. ആശുപത്രി അധികൃതർ തീരുമാനിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ഡിസ്ചാർജ് ദിവസം. പൊതുപ്രവർത്തകനായ യു.എം.കബീറും നഴ്സുമാർക്കൊപ്പം അബ്ദുൾ സലാമിനെ പരിചരിക്കാൻ ഉയായിരുന്നു. കൊവിഡ് കാലത്ത് തങ്ങൾക്കു ലഭിക്കുന്ന അനുമോദനങ്ങളേക്കാൾ വിലപ്പെട്ടതായിരുന്നു അബ്ദുൾ സലാം കൈകൂപ്പി യാത്രപറഞ്ഞ ആ രംഗമെന്ന് മാലാഖമാർ പറയുന്നു.