ആലപ്പുഴ:ദുരിതങ്ങൾ പലരൂപത്തിൽ മുന്നിലെത്തിയിട്ടും പതറാതെ പൊരുതുകയാണ് വള്ളികുന്നം കാരാണ്മ സ്വദേശി ഭാസുരൻ(50). ഭാര്യയെ ചെറുപ്പത്തിലേ അലട്ടിക്കൊണ്ടിരുന്ന രോഗം മാറാരോഗമായി, കടംവീട്ടാൻ വീട് കൈവിടേണ്ടി വന്നു, ഉപജീവന മാർഗമായിരുന്ന ലോട്ടറി കച്ചവടം നലച്ചു, കല്യാണപ്രായത്തിലേക്കടുക്കുന്ന മകളൊരു ചോദ്യചിഹ്നമായി നിറയുന്നു... പക്ഷേ, ഇതിനൊന്നും ഭാസുരനെ തളർത്താനായില്ല. മീൻ കച്ചവടമെന്ന പുതിയ ജീവിതാദ്ധ്യായത്തിനു തുടക്കമിട്ടുകൊണ്ട് പരീക്ഷണങ്ങളോടു പൊരുതുകയാണ് ഈ ഗൃഹനാഥൻ.
കടംവാങ്ങി ലോട്ടറിയെടുത്തുള്ള വില്പനയായിരുന്നതിനാൽ ആ തൊഴിലിൽ വലിയ ഗുണമുണ്ടായിരുന്നില്ല.കൊവിഡ് എത്തിയതോടെ ആ വഴിയടഞ്ഞു.പക്ഷെ ആരുടെ മുന്നിലും കൈനീട്ടാൻ നിന്നില്ല. സൈക്കിളിൽ കൂടയും വച്ചുകെട്ടി മീൻ കച്ചവടം; അതാണ് പുതിയ ജോലി. ഒരു കൂട്ടുകാരൻ സൈക്കിൾ നൽകി, മറ്റൊരാൾ കച്ചവടം തുടങ്ങാൻ കുറച്ചു പണം നൽകി.രാവിലെ പതിവായി മുറ്റത്തെത്തുന്നതിനാൽ സ്ഥിരമായി മീൻ വാങ്ങുന്ന കുറെ വീട്ടുകാരെ കിട്ടിയിട്ടുണ്ട്.
പ്രീഡിഗ്രി തലത്തിൽ പഠനം അവസാനിപ്പിച്ച ഭാസുരൻ പലവിധ ജോലികൾ ചെയ്താണ് ജീവിതം കരുപ്പിടിപ്പിച്ചത്.22 വർഷം മുമ്പായിരുന്നു വിവാഹം. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് മകൾ ഭാഗ്യലക്ഷ്മി. ഭാര്യ ലതയെ അലട്ടിക്കൊണ്ടിരുന്ന അസുഖം വിവാഹം കഴിഞ്ഞ് കുറെ നാൾ പിന്നിട്ടതോടെ കടുത്തു.ശരീരത്തിലെ മാംസപേശികളുടെ ബലമില്ലാതാവുന്ന 'മസ്കുലർ ഡിസ്ട്രോഫി'യാണ് രോഗം.തിരുവനന്തപുരം മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികളിൽ വർഷങ്ങൾ നീണ്ട ചികിത്സ.ദിവസം 800 രൂപയുടെ വരെ മരുന്ന് വർഷങ്ങളോളം കഴിക്കേണ്ടിവന്നു. ഇതിനിടെ കൈകാൽ മുട്ടുകൾക്ക് തേയ്മാനമുണ്ടായി. വലതു കൈയിൽ ഒരു ഓപ്പറേഷൻ. തോളിന് മറ്റൊരു ഓപ്പറേഷൻ നിർദ്ദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ.പരാശ്രയമില്ലാതെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ് ലത.
ദീർഘകാലത്തെ ചികിത്സയ്ക്കായി വൻതുക കടംവാങ്ങേണ്ടി വന്നു.മുതലും പലിശയും തിരികെ നൽകാൻ വഴിയില്ലാതെ വന്നപ്പോൾ, സ്വന്തമായിരുന്ന ലക്ഷംവീട് കോളനിയിലെ വീട് വിറ്റു. പിന്നെ വാടകവീട്ടിലായി താമസം.ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചെങ്കിലും വീട് അനുവദിക്കപ്പെട്ടില്ല.
തുടക്കം പുലർച്ചെ
അതിരാവിലെ ഭാര്യയെ പ്രഭാതകൃത്യങ്ങൾ നിർവഹിപ്പിച്ച് ഭക്ഷണവും നൽകിയിട്ട് വേണം മീനെടുക്കാൻ പോകേണ്ടത്. മൊത്ത കച്ചവടക്കാരിൽ നിന്ന് 15 കിലോ മീനെടുക്കും.ആട്ടോയിലും ബൈക്കുകളിലുമെത്തുന്ന മറ്റു കച്ചവടക്കാരോട് സൈക്കിൾ ചവിട്ടിവേണം മത്സരിക്കേണ്ടത്.എങ്കിലും കുടുംബം പോറ്റാനുള്ള വക ഇപ്പോൾ കിട്ടുന്നുണ്ട്. കൊവിഡ് നിയന്ത്രണം കഴിയുന്നതോടെ മൈക്രോ ഫിനാൻസ് അടക്കമുള്ള കടങ്ങളുടെ തിരിച്ചടവ് തുടങ്ങും. അതോടെ കണക്കുകൾ വീണ്ടും പിഴയ്ക്കുമെന്ന് ഭാസുരനറിയാം. എങ്കിലും ചിരിച്ചുകൊണ്ട് പൊരുതാനുറച്ചിരിക്കുകയാണ് ഭാസുരൻ.
.