 ഗ്രീൻ സോൺ ഇളവ് നഷ്ടപ്പെടും വിധം നിയന്ത്രണലംഘനം


ആലപ്പുഴ:ജില്ലയിൽ നിയന്ത്രിത ഇളവുകൾ നിലവിൽ വന്നതോടെ ഓരോദിവസവും റോഡുകളിൽ തിരക്കേറുന്നു. സാമൂഹിക അകലം പാലിക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ നിർദേശം പരിപൂർണ്ണമായും അവഗണിച്ചു കൊണ്ടാണ്, എല്ലാം മറന്നമട്ടിൽ ജനം തെരുവിലിറങ്ങുന്നത്. ഇന്നലെ മറ്റു ദിവസങ്ങളേക്കാൾ കൂടുതൽ വാഹനങ്ങളും ജനങ്ങളും തെരുവുകളിലും മാർക്കറ്റുകളിലും ഉണ്ടായിരുന്നു.

കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ വീടുകളിലും കൊവിഡ് സെന്ററുകളിലുമായി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം 600ൽ താഴെ പേർ മാത്രം നിരീക്ഷണത്തിലുണ്ടായിരുന്ന ജില്ലയിൽ ഇന്നലെ ഇത് 1507 പേരായി. ഇന്നലെ മാത്രം 259 പേരുടെ വർദ്ധനവാണ് ഉണ്ടായത്. നിയന്ത്രണം ഇല്ലതെ ജനം പുറത്തിറങ്ങിയാൽ ആലപ്പുഴ റെഡ് സോൺ ആകാൻ അധികം താമസമുണ്ടാവില്ല എന്നാണ് ആരോഗ്യവിദഗ്ദ്ധർ വ്യക്തമാക്കുന്നത്.

ആലപ്പുഴ മുല്ലയ്ക്കൽ തെരുവിൽ ചിറപ്പ് ഉത്സവത്തിന്റെ പ്രതീതിയായിരുന്നു ഇന്നലെ. മാസ്ക് ധരിക്കാത്തവരും നിരവധി ഉണ്ടായിരുന്നു. ജില്ലാ അതിർത്തികളിൽ മാത്രം പൊലീസ് പരിശോധനയും നിയന്ത്രണവും ശക്തമാക്കുകയും മറ്റുള്ളിടങ്ങളിൽ ഇളവ് വരുത്തുകയും ചെയ്തതോടെ ഇരുചക്രവാഹനങ്ങളും കാറുകളും തലങ്ങും വിലങ്ങും പറന്നു. രാത്രി 7.30 വരെയാണ് കടകളുടെ പ്രവർത്തന സമയം അനുവദിച്ചിട്ടുള്ളതെങ്കിലും മിക്കകടകളും അതിൽ കൂടുതൽ സമയം പ്രവർത്തിച്ചത് രാത്രിയിലും തിരക്കിന് വഴിതെളിച്ചു.

ഒന്നിലധികം നിലകൾ ഇല്ലാത്ത വസ്ത്രശാലകൾ അഞ്ചിൽ താഴെ ജീവനക്കാരെ വച്ചു മാത്രമേ പ്രവർത്തിപ്പിക്കാവൂ എന്ന നിർദ്ദേശവും ജില്ലയിലെ പല കട ഉടമകളും പാലിക്കുന്നില്ല. 10 വയസിന് താഴെയുമുള്ള കുട്ടികളുമായി വീട്ടമ്മമാർ നഗരത്തിലെ കടകൾ കയറുന്ന കാഴ്ച എങ്ങും കാണാമായിരുന്നു.