കായംകുളം: നഗരത്തിൽ സ്വകാര്യ ബസ് സ്റ്റാൻ്റിന് സമീപം വൈദ്യുതി പോസ്റ്റിൽ തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചക്ക് ഒരു മണിക്ക് കെ.എസ്.ഇ.ബി യുടെ ഡിസ്ട്രിബ്യൂഷൻ ബോക്സിനാണ് തീ പിടിച്ചത്.
സ്വകാര്യ കമ്പനിയുടെ കേബിളുകളും വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള കേബിളുകളും ആളിക്കത്തുകയും പൊട്ടിത്തെറിക്കുകയും ചെയ്തതോടെ സമീപമുള്ള മെഡിക്കൽ സ്റ്റോറിൽ മരുന്നു വാങ്ങാൻ എത്തിയവർ ഓടി മാറുകയും വ്യാപാരികൾ കടകളുടെ ഷട്ടർ അടക്കുകയും ചെയ്തു.
ഉടൻ തന്നെ അഗ്നിശമന സേനയെത്തി തീ അണച്ചതിനാൽ അപകടം ഒഴിവായി.നഗരത്തിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി ഡിസ്ട്രിബ്യൂഷൻ ബോക്സുകൾ തീകത്തുന്നതും പൊട്ടിത്തെറിക്കുന്നതും നിത്യസംഭവമാണ്. ഡിസ്ട്രിബ്യൂഷൻ ബോക്സിൽ നിന്ന് താങ്ങാവുന്നതിൽ കൂടുതൽ ലോഡ് എടുക്കുന്നതാണ് തീ കത്താൻ കാരണമാകുന്നതെന്നാണ് അധികൃതർ പറയുന്നത്.