ഡെൽഹി- തിരുവനന്തപുരം ആദ്യ ട്രെയിനിന് ആലപ്പുഴയിൽ സ്റ്റോപ്പില്ല
തിരുവനന്തപുരത്തോ എറണാകുളത്തോ ഇറങ്ങണം
ആലപ്പുഴ: ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ സർവീസിൽ സ്റ്റോപ്പുകളുടെ എണ്ണം വെട്ടിക്കുറച്ചതോടെ ആലപ്പുഴ പുറത്തായി. ഇതോടെ ജില്ലയിൽ എത്തിച്ചേരേണ്ടവർ എറണാകുളത്തോ തിരുവനന്തപുരത്തോ ഇറങ്ങേണ്ടിവരും. സംസ്ഥാനത്ത് കോഴിക്കോടും എറണാകുളവും തിരുവനന്തപുരവും മാത്രമാണ് സ്റ്റോപ്പുകളായി ദക്ഷിണറെയിൽവേ അനുമതി നൽകിയിരിക്കുന്നത്.
കൊങ്കൺ വഴിയാണ് കേരളത്തിലേക്കുള്ള സർവീസ് നടക്കുന്നത്. കാസർകോട്, കണ്ണൂർ, കൊല്ലം, ആലപ്പുഴ ജില്ലകൾ ആദ്യഘട്ട ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നെങ്കിലും ഇന്നലെ നടന്ന ചർച്ചയിൽ ഒഴിവാക്കുകയായിരുന്നു. ഇന്ന് ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 15നാണ് തിരുവനന്തപുരത്ത് എത്തുക. അന്നു തന്നെ തിരിച്ചുള്ള സർവീസുണ്ടാകും. ഇന്നലെ വൈകിട്ട് നാല് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന ഐ.ആർ.സി.ടി.സി വെബ്സൈറ്റ് വഴിയുള്ള ബുക്കിങ്ങ് സാങ്കേതിക തകരാറുകൾ മൂലം ഏറെ വൈകി. സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിക്കാത്തതിനാൽ വെബ്സൈറ്റ് മാത്രമാണ് യാത്രക്കാർക്ക് ആശ്രയം.
നിലവിൽ സംസ്ഥാനത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളും അണുവിമുക്തമാണ്. യാത്രക്കാരെത്തുന്നതിന് മുന്നോടിയായി എന്തെങ്കിലും പ്രത്യേക നടപടിയെടുക്കണമെന്ന് സംസ്ഥാന സർക്കാർ നിർദേശിച്ചാൽ അത് നടപ്പാക്കാൻ സജ്ജമാണെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. എല്ലാ സ്റ്റേഷനുകളിലും ജീവനക്കാർ ഡ്യൂട്ടിക്ക് തയാറാണ്. കേരളത്തിൽ വന്നിറങ്ങുന്ന യാത്രക്കാരെ സ്ക്രീനിംഗിന് വിധേയരാക്കും. രോഗലക്ഷണം പ്രകടിപ്പിക്കുന്നവരെ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ പാർപ്പിക്കും. യാത്രക്കാരെ വിവിധ ജില്ലകളിൽ എത്തിക്കാനുള്ള ചുമതല കെ.എസ്.ആർ.ടി.സി യെ ഏൽപ്പിക്കും.
..................................
ഇ- ടിക്കറ്റ് വഴി മാത്രം ബുക്കിംഗ്
യാത്രക്കാർ ഭക്ഷണവും വെള്ളവും കരുതണം
നിരക്ക് ഈടാക്കി ഡ്രൈ ഫുഡും വെള്ളവും ഏർപ്പാടാക്കും
യാത്രക്കാർ 90 മിനിറ്റ് മുമ്പ് സ്റ്റേഷനിൽ എത്തണം
തെർമൽ സ്ക്രീനിംഗിന് ശേഷം മാത്രം പ്രവേശനം
ട്രെയിനിനുള്ളിൽ സാമൂഹിക അകലം പാലിക്കണം
മാസ്ക് നിർബന്ധം
യാത്രക്കാർ പ്രോട്ടോക്കോൾ അനുസരിക്കണം
ട്രെയിനിൽ ബ്ലാങ്കറ്റുകളും കർട്ടനും ഉണ്ടാവില്ല
യാത്ര എ.സി കംപാർട്ട്മെന്റുകളിൽ
യാത്രയ്ക്ക് 24 മണിക്കൂർ മുമ്പ് വരെ ടിക്കറ്റ് റദ്ദാക്കാം
..................................................
ജീവനക്കാരെല്ലാവരും ഡ്യൂട്ടിക്ക് സജ്ജരാണ്. സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്ന സൗകര്യങ്ങളും നടപടികളും ഓരോ ഡിവിഷനിലും ഏർപ്പെടുത്തും
(റെയിൽവേ ഉദ്യോഗസ്ഥർ)