ചേർത്തല:അരൂരിൽ പലയിടങ്ങളിലെയും കുടിവെള്ള പ്രതിസന്ധിക്ക് അടിയന്തിര പരിഹാരമാവശ്യപ്പെട്ട് ഷാനിമോൾ ഉസ്മാൻ എം.എൽ.എ ചേർത്തല വാട്ടർ അതോറിട്ടി ഓഫീസിനു മുന്നിൽ സത്യാഗ്രഹം നടത്തി.രാവിലെ ഒമ്പതു മുതൽ നടന്ന സമരത്തിന് പിന്തുണയുമായി ഇടവേളകളിലായി നിരവധിപേരെത്തി.പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന് എക്സിക്യുട്ടീവ് എൻജിനീയർ രേഖാമൂലം ഉറപ്പു നൽകിയതോടെ മൂന്നു മണിയോടെ സമരം അവസാനിപ്പിച്ചു.പമ്പിംഗ് സ്ഥലത്തെ വൈദ്യുതി പ്രശ്‌നങ്ങളാണ് കുടിവെള്ള വിതരണത്തിന് തടസമെന്നും അതു പരിഹരിക്കാൻ ബദൽമാർഗ്ഗങ്ങളുണ്ടാക്കുമെന്ന് ഉറപ്പു നൽകിയതായി എം.എൽ.എ പറഞ്ഞു.ഡി.സി.സി പ്രസിഡന്റ് എം.ലിജു സമരം ഉദ്ഘാടനം ചെയ്തു.സമാപന സമ്മേളനം കെ.പി.സി.സി ജനറൽസെക്രട്ടറി എ.എ.ഷുക്കൂറും ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റുമാരായ ദിലീപ് കണ്ണാടൻ,എം.ആർ.രവി,അരൂർ യു.ഡി.എഫ് കൺവീനർ കെ.ഉമേശൻ,എസ്.രാജേഷ്,ടി.ജി.രഘുനാഥപിള്ള,എം.ആർ.രാജേഷ്,ടി.കെ.പ്രതുലചന്ദ്രൻ,എസ്.ശരത്,സി.കെ.ഷാജിമോഹൻ,പി.ഉണ്ണികൃഷ്ണൻ,സി.വി.തോമസ്,സി.ഡി.ശങ്കർ,ടി.എച്ച്.സലാം,സജികുര്യാക്കോസ് എന്നിവർ പങ്കെടുത്തു.
രാഷ്ട്രീയ നാടകം: ചന്ദ്രബാബു
അരൂരിലെ കുടിവെള്ള വിഷയത്തിൽ ഷാനിമോൾ ഉസ്മാൻ എം.എൽ.എ നടത്തുന്ന സമരം രാഷ്ട്രീയ നാടകമാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം സി.ബി.ചന്ദ്രബാബു പറഞ്ഞു.കുടിവെള്ള വിഷയം പരിഹരിക്കാൻ ജനപ്രതിനിധിയെന്ന തരത്തിൽ ഇടപെടലുകൾ നടത്താതെ മഴ തുടങ്ങിയപ്പോൾ സമരവുമായിറങ്ങുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.