ആലപ്പുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനിടയിലും അഗ്നിശമന സേനയിലെ സഹപ്രവർത്തകരുടെ ഓർമ്മപുതുക്കാൻ അവർ മറന്നില്ല. 2002 മേയിൽ കോഴിക്കോട് വടകര വെള്ളികുളങ്ങരയിൽ കിണർ ഇടിഞ്ഞ് വീണ് മുക്കാൽ ഭാഗത്തോളം മണ്ണിനടിയിൽ താഴ്ന്ന് കുടുങ്ങിപ്പോയ മൂന്ന് പേരിൽ ഒരാളെ അതിസാഹസികമായി രക്ഷിച്ച ശേഷം മറ്റ് രണ്ട് പേരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞ് വീണ് മരണത്തിനു കീഴടങ്ങിയ കെ.കെ.രാജൻ, ബി.അജിത്കുമാർ, എം.ജാഫർ എന്നിവരെയാണ് സേനാംഗങ്ങൾ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനം നടത്തി അനുസ്മരിച്ചത്.
ഫയർ സർവീസ് അസോസിയേഷൻ കോട്ടയം ഡിവിഷനിലെ 22ഫയർസ്റ്റേഷനുകളുടെ നേതൃത്വത്തിൽ കോട്ടയം മേഖലാതല ഉദ്ഘാടനം ആലപ്പുഴ ഫയർ സ്റ്റേഷനിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി.മാത്യു നിർവഹിച്ചു. കേരള ഫയർ സർവീസ് അസോസിയേഷൻ സംസ്ഥാന ട്രഷറർ ടി.ഗോപി, സംസ്ഥാന വൈസ് പ്രസിഡന്റ് എ.ഡി.പ്രിയധരൻ, സംസ്ഥാന കമ്മിറ്റി അംഗം വി.എം. ബദറുദീൻ, കോട്ടയം മേഖലാ ജോയിന്റ് സെക്രട്ടറി കെ.സതീഷ് കുമാർ, യൂണിറ്റ് കൺവീനർ പി.എഫ്.ലോറൻസ് എന്നിവർ പങ്കെടുത്തു.