കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് നിർമ്മാണ കമ്പനി അധികൃതർ
ആലപ്പുഴ: പൂർത്തീകരണം എന്നു സാദ്ധ്യമാകുമെന്ന് പറയാനാവാത്ത വിധം ആലപ്പുഴ ബൈപാസ് നിർമ്മാണം നീളുന്നതിനിടെ, തങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലെന്ന് നിർമ്മാണ കമ്പനി അധികൃതർ. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒന്നിച്ചു പങ്കിടുന്ന 274 കോടിയാണ് ബൈപാസിന്റെ എസ്റ്റിമേറ്റ് തുക. പണം കൈയിൽ കിട്ടുന്നതിനു മുന്നോടിയായി കമ്പനിയെടുത്ത വായ്പകളുടെ തിരിച്ചടവ് ലോക്ക്ഡൗണിൽ കുടുങ്ങിയതോടെയാണ് ആലപ്പുഴ ബൈപാസ് നിർമ്മാണവുമായി ബന്ധപ്പെട്ട ഇടപാടുകൾ ഞെരുക്കത്തിലായത്. പണി നീളുന്തോറും ഓരോ മാസവും ഭീമമായ തുകയാണ് പലിശയിനത്തിൽ ബാങ്കിൽ അടയ്ക്കേണ്ടിവരുന്നതെന്നും കമ്പനി പറയുന്നു.
ഡൽഹി ആസ്ഥാനമായ ആർ.ഡി.എസ് പ്രോജക്ട് ലിമിറ്റഡിന് ആണ് ബൈപ്പാസിന്റെ നിർമ്മാണ ചുമതല. മൂന്നു വർഷമായിരുന്നു നിർമ്മാണ കാലാവധി. പക്ഷേ, ഇപ്പോൾ അഞ്ചു വർഷത്തോളമായി. റെയിൽവേ ഓവർ ബ്രിഡ്ജുമായി ബന്ധപ്പെട്ടുള്ള തടസങ്ങൾ കൂടി പരിഹരിക്കപ്പെടുന്നതോടെ 2020 ഏപ്രിൽ 30നുള്ളിൽ ബൈപാസ് കമ്മിഷൻ ചെയ്യാമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ കാര്യങ്ങൾ അവതാളത്തിലാവുകയായിരുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുകയും കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള ഫണ്ട് കുടിശിക ലഭ്യമാവുകയും ചെയ്താൽ മാത്രമേ പ്രതിസന്ധികളില്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗം പൂർത്തിയാക്കാൻ കഴിയുകയുള്ളൂ.
കുതിരപ്പന്തിയിലെ മേൽപ്പാലത്തിനുളള ഗർഡർ സ്ഥാപിക്കുന്നതിന് മുന്നോടിയായി റെയിൽവേ ഉദ്യോഗസ്ഥർ പരിശോധന നടത്തേണ്ടതുണ്ട്. ഈ സാങ്കേതികത്വം കൂടി കടന്നു കിട്ടായാൽ ബൈപ്പാസ് യാഥാർത്ഥ്യമാകും. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അവസാനിച്ച ശേഷം മാത്രം പരിശോധന നടത്താമെന്നാണ് റെയിൽവേയുടെ നിലപാട്. ഗർഡറുകളുടെ അളവിൽ റെയിൽവേ നിർദ്ദേശിച്ച വ്യത്യാസങ്ങൾ വരുത്തിയോ എന്നറിയാനാണ് പരിശോധന നടത്തേണ്ടത്. പരിശോധന വിജയകരമായാൽ ഗർഡർ സ്ഥാപിച്ച് ഒരുമാസത്തിനകം എല്ലാ പണികളും പൂർത്തിയാക്കാനാകും. റെയിൽവേയിലെ ചില ഉദ്യോഗസ്ഥരുടെ വാശി മൂലം പരിശോധന നീളുന്നതാണ് തങ്ങൾക്ക് വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു.
ബൈപാസ് കവാടങ്ങളായ കൊമ്മാടി, കളർകോട് ജംഗ്ഷനുകളുടെ വികസനം ഈ മാസം തന്നെ പൂർത്തിയാകും.
നീണ്ട തടസങ്ങൾക്കൊടുവിലാണ് മാളികമുക്കിൽ ഗർഡർ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായത്. നിർമ്മാണത്തിലെ അപാകത മൂലം ഇടിഞ്ഞുതാഴ്ന്ന കുതിരപ്പന്തിയിലെ അപ്രോച്ച് റോഡിന്റെ പുനർനിർമ്മാണവും ഡ്രെയിനേജ് ജോലികളും സൈഡ് റോഡുകളുടെ നിർമ്മാണവും മുന്നേറുകയാണ്
....................
ജംഗ്ഷൻ നവീകരണം
കളർകോട് ജംഗ്ഷൻ നവീകരണത്തിനായി 1.04 കോടിയും കൊമ്മാടി ജംഗ്ഷന് 83 ലക്ഷവുമാണ് അനുവദിച്ചിരിക്കുന്നത്. കളർകോട്ട് വീതികൂട്ടലിന്റെ ഭാഗമായി ഓടയും കലുങ്കുകളുടെ നിർമ്മാണങ്ങളുമാണ് പുരോഗമിക്കുന്നത്.തുടർന്ന് റോഡ് പുനരുദ്ധരിക്കും. 200 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലുമാണ് നവീകരണം.ഇവിടെ സിഗ്‌നൽ സ്ഥാപിക്കും. കൊമ്മാടിയിൽ 250 മീറ്റർ നീളത്തിലും 7 മീറ്റർ വീതിയിലുമാണ് നവീകരിക്കുന്നത്. മേയ് അവസാനത്തോടെ നവീകരണം പൂർത്തിയാകും.
..................
റെയിൽവേ മേൽപ്പാലത്തിനുള്ള ഗർഡറുകൾ പരിശോധിച്ചാൽ അതിവേഗത്തിൽ നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കും. ലോക്ക് ഡൗണിലും തൊഴിലാളികൾ പണി തുടരുകയാണ്. ഉദ്യോഗസ്ഥർക്ക് മാത്രമാണ് പരിശോധന നടത്താൻ ബുദ്ധിമുട്ട്. ബൈപ്പാസ് അനന്തമായി നീളുന്നത് വലിയ സാമ്പത്തിക ബുദ്ധിമുട്ടാണുണ്ടാക്കുന്നത്
[നിർമ്മാണ കമ്പനി അധികൃതർ]
......................
* കൊമ്മാടി മുതൽ കളർകോട് വരെ 6.8 കിലോമീറ്റർ
* 1.50 മീറ്റർ പേവ്ഡ് ഷോൾഡറോടുകൂടിയ രണ്ടുവരിപാത
* ബീച്ച് സൗന്ദര്യം നഷ്ടപ്പെടാതിരിക്കാൻ 3.2 കി.മീ.എലിവേറ്റഡ് ഹൈവേ
* 2.6 കി.മീ സർവീസ് റോഡ്,4.25 കി.മീ സ്ലിപ്പ് റോഡ്,14 കലുങ്കുകൾ
* രണ്ടു പ്രധാന കവലകൾ, നാലു ചെറിയ കവലകൾ
..................