അമ്പലപ്പുഴ : ലോക്ക് ഡൗൺ കാലത്ത് ആരും 'വിയർക്കാതിരിക്കാൻ" കഷ്ടപ്പെട്ട ഒരു വിഭാഗമുണ്ട്. കെ.എസ്.ഇ.ബി ജീവനക്കാർ. മുഴുവൻ സമയവും വീടുകളിൽ കഴിയുന്നവർക്ക് വൈദ്യുതി മുടക്കം കാരണമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ അക്ഷീണ പ്രയത്നമാണ് ഇവർ നടത്തുന്നത്. ഒരു മിനിട്ടു വൈദ്യുതി മുടങ്ങിയാൽ കെ.എസ്.ഇ.ബി ഓഫീസുകളിലേക്ക് ഫോൺകോളുകളുടെ പെരുമഴയായിരിക്കും. കാറ്റിൽ മരംവീണും മറ്റും വൈദ്യുതി ലൈനുകൾ തകരാറിലായത് കുറച്ചൊന്നുമല്ല. കുറഞ്ഞ സമയത്തിനുള്ളിൽ ഇവ പരിഹരിച്ച് വൈദ്യുതി ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു.
ആരും അഭിനന്ദിക്കാനെത്തുന്നില്ലെങ്കിലും തങ്ങൾ നൂറു ശതമാനം ആത്മാർത്ഥതയോടെ പ്രവർത്തിക്കുകയാണെന്ന് വൈദ്യുതി വകുപ്പ് ജീവനക്കാർ പറയുന്നു.
ഒരു മിനിട്ട് വൈദ്യുതി നിലശ്ചലമായാൽ ആശുപത്രികളിലുൾപ്പെടെ ദുരിതത്തിലാകും. ഹോട്ടലുകളും, മാടക്കടകളും അടഞ്ഞതോടെ ഒരിറ്റുവെള്ളം പോലും ലഭിക്കാതെയാണ് പൊരിവെയിലത്ത് വൈദ്യുതി ജീവനക്കാർ ജോലി നോക്കിയത്. പൊതിച്ചോറുകളും വെള്ളക്കുപ്പികളുമായെത്തുന്ന സന്നദ്ധപ്രവർത്തകർ പോലും തങ്ങളെ സമീപിച്ചില്ലെന്ന് ഇവർ വിഷമത്തോടെ പറയുന്നു. കിലോമീറ്ററുകളോളം കാൽനടയാത്ര ചെയ്ത് ജോലിക്കെത്തിയവരും ഉണ്ട്. എന്നും വീടുകളിൽ പോകാൻ കഴിയാത്തതിനാൽ ഓഫീസ് കെട്ടിടങ്ങളിലായിരുന്നു ഇവരിൽ പലരുടെയും അന്തിയുറക്കം. എല്ലാ വീടുകളിലും വൈദ്യുതി ഉറപ്പു വരുത്തി നാടിനൊപ്പം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ തങ്ങൾക്കും എന്നെങ്കിലും അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.