photo

ചാരുംമൂട്: ആഞ്ഞിലിയിൽ ബഡ്ഡുചെയ്തു വളർത്തിയ പ്ളാവ് ശിഖരത്തിൽ വിളഞ്ഞ ചക്കയുടെ തൂക്കം 40 കിലോ! നൂറനാട് എരുമക്കുഴി പുത്തൻപുരയിൽ രാമചന്ദ്രന്റെ പുരയിടത്തിലെ 'സങ്കര'യിനം പ്ളാവാണ് ഞെട്ടിച്ചത്.

സാധാരണഗതിയിൽ ചക്കകൾക്ക് പത്ത് മുതൽ ഇരുപത് കിലോ വരെയാണ് തൂക്കം വയ്ക്കുന്നത്. ഇരുപത് വർഷം മുമ്പാണ് പ്ളാവ് ശിഖരം ആഞ്ഞിലിയിൽ ബഡ്ഡു ചെയ്ത് വളർത്താൻ തുടങ്ങിയത്. ഇത്ര വലിയ ചക്ക ആദ്യമായിട്ടാണ് ലഭിക്കുന്നതെന്ന് രണ്ടു വർഷം മുമ്പ് ഏറ്റവും നല്ല പച്ചക്കറി കർഷകനുള്ള അവാർഡ് നേടിയ രാമചന്ദ്രൻ സാക്ഷ്യപ്പെടുത്തുന്നു. ഭീമൻ ചക്ക കാണാൻ പ്രദേശവാസികൾ എത്തുന്നുണ്ട്. എല്ലാവർക്കും വീതം വെച്ചു കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് രാമചന്ദ്രൻ.