ആലപ്പുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കയർ കോർപറേഷൻ തിരുവനന്തപുരം ആസ്ഥാനമായ നാഷണൽ കയർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ശ്രീചിത്തിര തിരുനാൾ റിസർച്ച് സെന്ററുമായി സഹകരിച്ച് 'കൊവിഡ് മാറ്റ്" വിപണിയിൽ ഇറക്കും. മന്ത്രി ഡോ.ടി.എം. തോമസ് ഐസക് കയർ കോർപ്പറേഷൻ ചെയർമാൻ ടി.കെ. ദേവകുമാറുമായി അവസാനഘട്ട പ്രവർത്തനങ്ങൾ വിലയിരുത്തി.
അടുത്തയാഴ്ച വിപണിയിലെത്തിക്കാനാണ് ഉദ്ദേശം. സംസ്ഥാനത്തെ മുഴുവൻ വീടുകളിലും കുടുംബശ്രീ വഴി കൊവിഡ്മാറ്റ് എത്തിക്കാനാണ് ലക്ഷ്യം. വിദ്യാലയങ്ങൾ, സർക്കാർ ഓഫീസുകൾ, പൊതുമേഖല-സ്വകാര്യ സ്ഥാപനങ്ങൾ, മാളുകൾ എന്നിവിടങ്ങളിലും മാറ്റ് നൽകും. മാറ്റിന്റെ വലിപ്പവും അണുനശീകരണ ലായനിയുടെ വിലയും അനുസരിച്ച് 250 രൂപ മുതലായിരിക്കും വില.
.
ഉപയോഗിക്കുന്ന വിധം
പ്ളാസ്റ്റിക്കിലോ റബറിലോ നിർമ്മിച്ച ഡ്രേയിൽ ചകിരിത്തടുക്ക് വച്ചശേഷം ശുദ്ധജലം ഉപയോഗിച്ച് നനയ്ക്കും. തുടർന്ന്, ശ്രീചിത്തിര തിരുനാൾ റിസർച്ച് സെന്റർ വികസിപ്പിച്ച അണുനശീകരണ ലായനി തടുക്കിന് മുകളിൽ സ്‌പ്രേ ചെയ്യും. വീടിന്റെയോ ഓഫീസുകളുടെയോ പ്രധാന വാതിൽ ഭാഗത്ത് ഇവയിടും. പുറത്തു നിന്ന് വരുന്നവർ കാൽപാദങ്ങൾ ചവിട്ടിയുപയോഗിച്ച് വൃത്തിയാക്കിയ ശേഷം അകത്തു കടക്കുക.
പാദങ്ങളിലുള്ള അണുക്കളെ ഇതിലൂടെ വിമുക്തമാക്കാം. ഒരു തവണ സ്‌പ്രേ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം വീണ്ടും സ്‌പ്രേ ചെയ്യണം. ശ്രീചിത്തിര തിരുനാൾ റിസർച്ച് സെന്ററിൽ നിന്നുള്ള പരിശോധനാ റിപ്പോർട്ട് ലഭിച്ചാലുടൻ വിപണിയിലിറക്കും.
"പുറത്തു പോയിവരുന്നവർക്ക് കാൽ കഴുകാനായി പണ്ട് വീട്ടുമുറ്റത്ത് കിണ്ടിയിലും മറ്റും വെള്ളം വച്ചിരുന്നു. ഇപ്പോൾ, ഇത് അന്യമായി. ജനങ്ങളെ പഴയകാലത്തേക്ക് മടക്കി കൊണ്ടുപോകുന്നതിനൊപ്പം രോഗപ്രതിരോധവുമാണ് ലക്ഷ്യം""
ടി.കെ.ദേവകുമാർ, ചെയർമാൻ,
കയർ കോർപ്പറേഷൻ