ഹരിപ്പാട്: പത്രങ്ങൾ ഉപയോഗിച്ചു നിർമ്മിച്ച കവറുകൾ വിറ്റുകിട്ടിയ 530 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരിക്കുകയാണ് കുമാരപുരം ഒൻപതാം വാർഡ് എരിക്കാവ് ആതിരയിൽ രാധാകൃഷ്ണൻ- ഷൈലജ ദമ്പതികളുടെ മകനായ നാലാം ക്ളാസുകാരൻ അതുൽ കൃഷ്ണൻ.
ഒരാഴ്ചകൊണ്ട് 1300 ഓളം കവറുകളാണ് അതുൽ നിർമ്മിച്ചത്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യുന്നവരുടെ പേരുകൾ കേൾക്കുമ്പോൾ തനിക്കും എന്തെങ്കിലും ചെയ്യണമെന്ന് അതുൽ പറയുമായിരുന്നു. അങ്ങനെയാണ് കവർ ഉണ്ടാക്കാൻ തുടങ്ങിയത്. തുക സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസറിനെ ഏൽപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സത്യപാലൻ, ഏരിയാ സെക്രട്ടറി എൻ. സോമൻ, കർഷക സംഘം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, എൽ.സി സെക്രട്ടറി ആർ.ബിജു, ബെന്നി കുമാർ എന്നിവർ പങ്കെടുത്തു. കുമാരപുരം പൊത്തപ്പള്ളി കെ.കെ.കെ.വി.എം എൽ.പി.എസി വിദ്യാർത്ഥിയാണ് അതുൽ. സഹോദരി: ആതിര കൃഷ്ണൻ.