ലോക്ക് അഴിച്ച് കള്ളുഷാപ്പുകൾ ഇന്നുമുതൽ
ആലപ്പുഴ: കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് കള്ളുഷാപ്പുകൾ ഇന്നു തുറക്കും. പക്ഷേ, ആവേശം ശമിപ്പിക്കും വിധം എല്ലാ ഷാപ്പിലും കള്ള് കിട്ടണമെന്നില്ല! പാലക്കാടൻ കള്ളിൻറ്റെ ലഭ്യതക്കുറവാണ് ഒരു പ്രശ്നം. കള്ള് കൊണ്ടുവരുന്നതിനുള്ള ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങളും പരിഹരിക്കപ്പെടേണ്ടതുണ്ട്. കള്ളും ഭക്ഷണവും ഇല്ലെങ്കിൽപ്പോലും ഷാപ്പ് വെറുതെയെങ്കിലും തുറക്കാൻ തന്നെയാണ് ഉടമകളുടെ തീരുമാനം.
ജില്ലയിൽ ആകെയുള്ള 504 കള്ളുഷാപ്പുകളിൽ നിന്ന് ലേലത്തിൽ പോയ 380 ഷാപ്പുകൾക്കാണ് തുറക്കാൻ അനുമതിയുള്ളത്. പാലക്കാട്ടു നിന്നെത്തിയിരുന്ന കള്ളാണ് ഷാപ്പുകളെ സജീവമാക്കിയിരുന്നത്. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ പാലക്കാട്ടെ കാര്യങ്ങൾ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. അവിടമൊന്ന് ശരിയായാൽ മാത്രമേ കള്ളിൻറ്റെ ഒഴുക്ക് സുഗമമാവൂ.
രാവിലെ ഒമ്പതു മുതൽ വൈകിട്ട് ഏഴു വരെയാണ് ഷാപ്പുകൾക്ക് എക്സൈസ് അനുമതി നൽകിയിട്ടുള്ളതെങ്കിലും കണ്ണടച്ചു തുറക്കും മുമ്പെ കള്ള്പാത്രം കാലിയാവാനാണ് സാദ്ധ്യത. ടച്ചിംഗ്സിനും ഭക്ഷണത്തിനും വിലക്കുണ്ടെങ്കിലും 'കൈകഴുകലി'ന് ഇളവില്ല. ഷാപ്പുകളിൽ സാനിട്ടൈസറും, തൊഴിലാളികൾക്കും വാങ്ങാൻ വരുന്നവർക്കും മാസ്കും നിർബന്ധം. വഴക്കുണ്ടാക്കിയിട്ട് കാര്യമില്ല, ഒന്നര ലിറ്റർ കള്ള് മാത്രമേ ഒരാളിന് പരമാവധി കിട്ടുകയുള്ളൂ. വീണ്ടും തുറന്നതോടെ ശേഷിക്കുന്ന ഷാപ്പുകൾ തൊഴിലാളി സംഘങ്ങൾ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ.ചേർത്തല, ആലപ്പുഴ , കുട്ടനാട് മേഖലകളിലാണ് കൂടുതൽ ഷാപ്പുകൾ പോയത്.കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, ചാരുംമൂട് ഗ്രൂപ്പുകളിൽ ഇത്തവണ മന്ദഗതിയിലായിരുന്നു ലേലം.
ഇരുന്നടിയില്ല
അഞ്ചുപേരിൽ കൂടുതൽ ഷാപ്പ് പരിസരത്ത് കാണാൻ പാടില്ല. കുപ്പിയുമായി എത്തിയെങ്കിലേ കള്ള് കിട്ടൂ.ഷാപ്പ് കറി കൂട്ടിയുള്ള ഭക്ഷണവും കിട്ടില്ല. തത്കാലം ഇതിനെല്ലാം വിലക്കാണ്. ജില്ലയിലെമ്പാടും ഷാപ്പുകളിൽ കൃത്യമായ പരിശോധന നടത്താനാണ് എക്സൈസിന് ലഭിച്ചിട്ടുള്ള നിർദ്ദേശം. ഒന്നര ലിറ്ററിലധികം കള്ള് കൈവശം വച്ചാൽ നിയമനടപടി നേരിടേണ്ടിവരും.