ആലപ്പുഴ: വള്ളികുന്നത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുഹൈലിനെ അക്രമിച്ച കേസിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കുന്നതിന് അനുകൂല നിലപാട് സ്വീകരിച്ച സർക്കാർ അഭിഭാഷകന്റെ നിലപാടിനെ കുറിച്ച് ഹൈക്കോടതി അന്വേഷിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. എം.ലിജു വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അഭിഭാഷകനെതിരെ ഹൈക്കോടതി രജിസ്ട്രാർക്ക് കോൺഗ്രസ് പരാതി നൽകും. ആദ്യം കേസ് അന്വേഷിച്ച പൊലീസ് എട്ട് പ്രതികൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിൽ രണ്ടുപേരെ മാത്രമാണ് അന്ന് അറസ്റ്റ് ചെയ്തത്. സ്ഥലത്ത് ഉണ്ടായിട്ടും മറ്റ് പ്രതികളെ അറസ്റ്റു ചെയ്യാതെ സർക്കാരും പൊലീസും ചേർന്ന് നടത്തിയ ഒത്തുകളിയുടെ ഭാഗമായി ഗൂഡാലോചന ഉൾപ്പെടെയുള്ള വിവരങ്ങൾ മറച്ചു വെച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ജാമ്യം നേടിയത്. സി.പി.എം ക്രിമിനലുകളെ സഹായിക്കുന്ന സമീപനമാണ് ജില്ലാ പൊലീസ് മേധാവി സ്വീകരിക്കുന്നത്.