തുറവൂർ: കൊവിഡിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ ദുരിതത്തിലായ സാധാരണക്കാർക്ക് ആശ്വാസമായി വിവിധ പദ്ധതികൾ നടപ്പിലാക്കി എഴുപുന്ന തെക്ക് സഹകരണ ബാങ്ക്. മരുന്ന് വാങ്ങുന്നതിന് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന രോഗികൾക്ക് സഹായം, കുടുംബശ്രീ യൂണിറ്റുകൾക്ക് വായ്പ , കുറഞ്ഞ പലിശ നിരക്കിൽ സ്വർണ പണയവായ്പ, കാർഷിക വായ്‌പ ,ഇടപാടുകാർക്കും ബാങ്കിന്റെ പ്രവർത്തന പരിധിയിലുള്ള സർക്കാർ ഓഫീസുകളിലും ആശുപത്രികളിലും പൊലീസ് സ്റ്റേഷനിലും ആവശ്യാനുസരണം മാസ്കുകളും സാനിറ്റൈസറുകളും എത്തിക്കൽ എന്നിങ്ങനെ നീളുന്നു ബാങ്കിന്റെ സേവന പ്രവർത്തനം. കോടംതുരുത്ത് പ്രാഥമികാരോഗ്യ കേന്ദ്രം, വല്ലേത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ ചികിത്സ തേടുന്ന രോഗികൾക്ക് പുറത്തേക്ക് കുറിയ്ക്കുന്ന മരുന്നിന്റെ മുഴുവൻ തുകയും മെഡിക്കൽ റീ-ഇംമ്പേഴ്സ്മെന്റ് പദ്ധതി മുഖേന ബാങ്ക് നൽകും .മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ പദ്ധതി പ്രകാരം ബാങ്കിന്റെ പരിധിയിലുള്ള കുടുംബശ്രീ യൂണിറ്റുകൾക്ക് വായ്പ നൽകുന്നതിനും തുടക്കം കുറിച്ചു . 6.8 ശതമാനം പലിശ നിരക്കിലാണ് സ്വർണ്ണ പണയ, കാർഷിക വായ്പ വിതരണം .മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്ക് ജീവനക്കാരുടെ ഒരു മാസത്തെ മുഴുവൻ ശമ്പളവും പ്രസിഡന്റിന്റെ ഓണറേറിയവും ഭരണ സമിതി അംഗങ്ങളുടെ വിഹിതവും ബാങ്ക് വിഹിതവും ചേർത്ത് 555829 രൂപ നൽകി. മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയും സ്വർണ്ണപ്പണയ കാർഷിക വായ്പാ വിതരണവും അഡ്വ. മനു .സി .പുളിക്കൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് ജി.ഗോപിനാഥ് , സെക്രട്ടറി കെ.എൻ.സതീശൻ, ഭരണ സമിതി അംഗങ്ങളായ ഇ.കെ.ഗോപി, പി.സി.തങ്കപ്പൻ, സി.എം.സുരേന്ദ്രൻ, എ.വി.സേവ്യർ, ജമീല ജോസഫ്, രേണുക സാജൻ, പി.കെ.ഉദയമ്മ, സി.ഡി.എസ്.ചെയർപേഴ്സൺ കെ.എൽ.സതി എന്നിവർ പങ്കെടുത്തു.
.