arrack

ആലപ്പുഴ: കള്ളുഷാപ്പുകൾ ഇന്ന് തുറക്കുമെങ്കിലും കള്ളിന്റെ ക്ഷാമം ഉപഭോക്താക്കളെ നിരാശപ്പെടുത്തിയേക്കും. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന കള്ളിന്റെ പകുതിയും പാലക്കാട്ടെ തോപ്പുകളിൽ നിന്നുള്ളതാണ്. ലോക്ക് ഡൗൺ കാരണം പാലക്കാട്ട് മുടങ്ങിയ ചെത്ത് ട്രാക്കിലായാൽ മാത്രമേ ഷാപ്പുകളുടെ ആവശ്യം നിറവേറ്റാനാവൂ.

കഴിഞ്ഞ വർഷം ശരാശരി 4.5 മുതൽ 6 ലക്ഷം വരെ ലിറ്റർ കള്ളാണ് പ്രതിദിനം ഉത്പാദിപ്പിച്ചിരുന്നത്. തെക്കൻ ജില്ലകളിലെ ഷാപ്പുകളിലും കള്ള് എത്തുന്നത് പാലക്കാട്ടുനിന്നാണ്. ഷാപ്പുകൾ തുറന്നു തുടങ്ങിയാലേ ഇത്തവണത്തെ ഉത്പാദന കണക്ക് തിട്ടപ്പെടുത്താനാവൂ. ഒരു തെങ്ങിൽ നിന്ന് ഒന്നര ലിറ്റർ കള്ള് കിട്ടുമെന്നാണ് എക്സൈസിന്റെ കണക്ക്. കാലാവസ്ഥ,​ പ്രദേശത്തിന്റെ പ്രത്യേകത എന്നിവ അനുസരിച്ച് ഉത്പാദനത്തിൽ വ്യത്യാസം വരാം.

 ഒന്നര ലിറ്റർ കള്ളുവരെ ഒരാൾക്ക് പാഴ്സലായി വാങ്ങാം.

ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട എന്നിവയാണ് കള്ള് കൂടുതലായി കിട്ടുന്ന മറ്റുജില്ലകൾ

 എക്സൈസ് പെർമിറ്ര് എടുത്താണ് പാലക്കാട്ടു നിന്ന് കള്ള് കൊണ്ടുവരുന്നത്.

സംസ്ഥാനത്തെ 4500 ഷാപ്പുകളിൽ 3590 എണ്ണമാണ് ഇത്തവണ ലേലത്തിൽ പോയത്

 ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ളത് 30,000 ചെത്തുതൊഴിലാളികൾ.

 ഒരു ഷാപ്പിന് അഞ്ച് ചെത്തുതൊഴിലാളികളും ചെത്തുന്ന 50 തെങ്ങുകളും വേണമെന്നാണ് വ്യവസ്ഥ.