തോട്ടപ്പള്ളി സ്പിൽവേ ചാനലിൽ മുന്നൊരുക്കമില്ല

ആലപ്പുഴ: കാലവർഷം പടിവാതിലിൽ എത്തിയിട്ടും ടെൻഡർ നടപടികൾ പൂർത്തീകരിച്ച തോട്ടപ്പള്ളി സ്പിൽവേ ചാനലിന്റെ ആഴം വർദ്ധിപ്പിക്കൽ ആരംഭിക്കാത്തത് ആശങ്ക സൃഷ്ടിക്കുന്നു.

ചാനലിൽ അടിഞ്ഞു കൂടിയ മണലും ചെളിയും നീക്കം ചെയ്യുന്ന നടപടികൾ ഏപ്രിലിൽ ജലസേചന വകുപ്പ് ആരംഭിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി എത്തിയ കൊവിഡിനെ തുടർന്നുള്ള ലോക്ക് ഡൗൺ മൂലം ജോലികൾ തുടങ്ങാൻ കഴിഞ്ഞില്ല. വീയപുരം മുതൽ തോട്ടപ്പള്ളി പൊഴിമുഖം വരെ 11 കിലോമീറ്ററുള്ള ചാനലിൽ കഴിഞ്ഞ പ്രളയ കാലത്ത് അടിഞ്ഞുകൂടിയ മണലും ചെളിയും നീക്കം ചെയ്യാനാണ് ജലസേചന വകുപ്പ് പദ്ധതി തയ്യാറാക്കി ടെൻഡർ നൽകിയത്. കഴിഞ്ഞ 28ന് കളക്ടറുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ആഴം വർദ്ധിപ്പിക്കുന്ന ജോലികൾ ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. ഇടയ്ക്കു പെയ്യുന്ന വേനൽ മഴയും ലോക്ക്ഡൗൺ നീളുന്നതും ജോലികൾ ആരംഭിക്കാൻ വീണ്ടും തടസമായി. ചാനലിലെ ആഴം വർദ്ധിപ്പിച്ചില്ലെങ്കിൽ മഴക്കാലത്ത് കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിലെ ആയിരക്കണക്കിന് ഏക്കർ കൃഷി ഭൂമിയും നിരവധി വീടുകളും പ്രളയ ജലത്തിൽ മുങ്ങും.

കാലവർഷത്തിന് മുമ്പ് പൊഴിമുഖം മുറിക്കാനുള്ള മുന്നൊരുക്ക ജോലികൾ ആരംഭിക്കുന്നതാണ്. ഇത്തവണ കൊവിഡ് നിയന്ത്രണം മൂലം പൊഴി മുറിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. 15നകം നടപടികൾ പൂർത്തീകരിച്ച് പൊഴിമുഖത്ത് ചാല് വെട്ടുന്നതിനുള്ള ജോലികൾ ആരംഭിക്കാൻ കഴിയുമെന്ന് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ വർഷം പൊഴി മുറിക്കാനുള്ള ടെൻഡർ 20ലക്ഷം രൂപയ്ക്കാണ് നൽകിയത്. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ മണൽ ഇത്തവണ പൊഴിമുഖത്ത് അടിഞ്ഞുകൂടിയിട്ടുണ്ട്. കൂടുതലും കരിമണലായതിനാൽ ഒഴുക്കിന് ശക്തി കുറയുമെന്ന ആശങ്കയും ഉണ്ട്.

...................

# 11 കി.മീ: തോട്ടപ്പള്ളി സ്പിൽവേ ചാനലിന്റെ ദൈർഘ്യം

# 40: സ്പിൽവേ ഷട്ടറുകളുടെ എണ്ണം

.................

ഷട്ടറുകൾ പണിമുടക്കുമോ?

പാലത്തിൽ ഘടിപ്പിച്ചിട്ടുള്ള 40 ഷട്ടറുകളുടെയും അറ്റകുറ്റപ്പണി ഇത്തവണ നടത്തിയിട്ടില്ല. എല്ലാ വർഷവും ഷട്ടറുകൾ ഉയർത്താനും താഴ്ത്താനുമുള്ള വേഗം കൂട്ടാൻ, കേടായ ഇരുമ്പ് റോപ്പും ചക്രങ്ങളും മാറ്റി സ്ഥാപിക്കുമായിരുന്നു. ഇത്തവണ ഈ ജോലിയും നടക്കാത്തത് ആശങ്കയുണർത്തുന്നു.