ചേർത്തല: നഴ്സസ് ദിനത്തിൽ പുറത്തുനിന്ന് ആരും ആദരിക്കാൻ എത്തിയില്ലെങ്കിലും മകൻ പകർന്നു നൽകിയ മധുരം ഗൗരിക്ക് [87] ഒരുപാട് മധുരിച്ചു.
പുന്നപ്ര വയലാർ സമര സേനാനി ചേർത്തല നഗരസഭ 26-ാം വാർഡ് കൈലാസത്തിൽ പരേതനായ വി.കെ.ബാലകൃഷ്ണന്റെ ഭാര്യയാണ് ഗൗരി. ചേർത്തല ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ (എക്സ്റേ) 40 വർഷത്തോളം ജോലി ചെയ്ത് വിശ്രമ ജീവിതം നയിക്കുന്ന അമ്മയ്ക്ക് മകൻ അഡ്വ.കെ.ബി.ഹർഷകുമാർ നഴ്സസ് ദിനം ഓർമ്മിപ്പിച്ച് മധുരം പകരുകയായിരുന്നു.
35 രൂപ ശമ്പളത്തിലാണ് നഴ്സായി ജോലിയിൽ പ്രവേശിച്ചത്. രാവിലെ 8 മുതൽ രാത്രി 8വരെ 12 മണിക്കൂറായിരുന്നു ഡ്യൂട്ടി. ആലപ്പുഴ കൊട്ടാരം ആശുപത്രി (പഴയ ആലപ്പുഴ മെഡി. ആശുപത്രി) കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗികൾ വന്നെത്തുന്നത് എക്സ്റേയിലാണ്. ഡ്യൂട്ടിക്കിടയിൽ ഒരു മിനിട്ടുപോലും വിശ്രമിക്കാൻ സമയം കിട്ടിയിരുന്നില്ല. രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങാൻ വാഹന സൗകര്യമില്ലാത്ത സാഹചര്യം. റോഡുപോലുമില്ല. വീട്ടിൽ നിന്ന് ഭർത്താവോ മക്കളോ വന്ന് കൊണ്ടു പോകണം. 20 വയസിൽ തുടങ്ങിയ ആതുര സേവനം 60 വയസുവരെ തുടർന്നു. 27 വർഷമായി വീട്ടിൽ വിശ്രമത്തിലാണ് ഗൗരി. ചെറിയ ഓർമ്മക്കുറവ് മാത്രമാണ് അലട്ടുന്നത്.