ആലപ്പുഴ: നഗരത്തിലെ ഗതാഗതക്കുരുക്ക് പരി​ഹാരമായി​, ശവക്കോട്ടപ്പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ പൈലിംഗിന്റെ കോൺക്രീറ്റ് ഇന്നലെ ആരംഭിച്ചു. പാലത്തിന്റെ തെക്കേക്കരയിലെ നാല് പൈലിംഗ് പൂർണമായിരുന്നു. ഇതിന്റെ കോൺക്രീറ്റ് ജോലി ഇന്നലെ ഉച്ചയോടെയാണ് ആരംഭിച്ചത്. ഇതോടെ ലോക്ക് ഡൗൺ​ പ്രതി​സന്ധി​യി​ൽ തട്ടി​ മുടങ്ങി​യ പാലം നി​ർമാണം സ്പീഡ് ട്രാക്കി​ലായി​.

പാലത്തിന് നി​ർമി​ക്കുന്നത് എട്ടുപൈലുകൾ

അപ്രോച്ച് റോഡി​ന് നി​ർമി​ക്കുന്നത് നാലു പൈലുകൾ

26മീറ്റർ നീളത്തിലും 12മീറ്റർ വീതിയിലുമാണ് നിലവിലെ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിക്കുന്നത്. പാലത്തിന് 49മീറ്റർ താഴ്ചയിൽ എട്ടും അപ്രോച്ച് റോഡിന് നാലും പൈലുകളാണ് സ്ഥാപിക്കേണ്ടത്. പുതിയ പാലത്തോട് ചേർന്ന് ഇതേ നീളത്തിൽ അഞ്ച്മീറ്റർ വീതിയിൽ പുതിയ നടപ്പാലവും കൊമ്മാടിയിൽ നിലവിലെ പാലം പൊളിച്ചു പണിയുന്നതിനുമായി​ 28.45 കോടി രൂപയുടേതാണ് പദ്ധതി. ശവക്കോട്ടപ്പാലവും കൊമ്മാടി പാലവും ബന്ധിപ്പിക്കുന്നതിന് എ.സി കനാലിന്റെ പടിഞ്ഞാറെ കരയിൽ 2.5കലോമീറ്റർ നീളത്തിലുള്ള റോഡ് കാനയോടെ പുതുക്കിപണിയുന്നതും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മന്ത്രി ജി.സുധാകരൻ മുൻകൈയെടുത്താണ് പുതിയ പാലത്തിന്റെ പദ്ധതി തയ്യാറാക്കിയത്. 18മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യം.

തടസം നീങ്ങി​, ഉഷാറായി​ നി​ർമാണം

ഡിസംബറിൽ ആരംഭിച്ച നിർമ്മാണം കൊവിഡിനെ തുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്നു. ഇത് കഴിഞ്ഞ ആഴ്ചയാണ് പുനരാരംഭിച്ചത്. പാലത്തിന്റെ വടക്കേ കരയിലെ പൈലിംഗ് ജോലികൾ ആരംഭിച്ചിട്ടില്ല. ഈ ഭാഗത്ത് മണ്ണിനടിയിൽ കിടക്കുന്ന വൈദ്യുതി കേബിൾ നീക്കം ചെയ്താലെ പൈലിംഗ് ജോലി തുടങ്ങാൻ കഴിയുകയുള്ളു. ഇതോടൊപ്പം നടപ്പാലത്തിന്റെയും ജോലികൾ ആരംഭിക്കണം. മൂന്ന് മാസം നഷ്ടമായെങ്കിലും മറ്റ് തടസം ഒന്നും ഇല്ലെങ്കിൽ എട്ടുമാസം കൊണ്ട് ശവക്കോട്ടപാലം കമ്മി​ഷൻ ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.

കൊമ്മാടി പാലത്തിന്റെ ആദ്യ പ്ളാനിൽ മാറ്റം വരുത്തിയതി​നാൽ പുതിയ പ്ളാൻ തയ്യാറാക്കൽ ജോലി അവസാനഘട്ടത്തിലാണ്. പ്ളാൻ തയ്യാറായി അനുമതി ലഭിച്ചാൽ ഉടൻ കൊമ്മാടിയിലെ പാലത്തിന്റെയും ജോലികൾ ആരംഭിക്കും. ഇതോടൊപ്പം റോഡി​ന്റെയും കാനയുടെയും പണികൾ ആരംഭിച്ച് 18മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.

പൗവർഹൗസ് പാലം എന്ന ശവക്കോട്ടപ്പാലം

ശവക്കോട്ടപ്പാലത്തി​ന് (പൗവർഹൗസ് പാലം) 1979 ആഗസ്റ്റ് ആറിന് അന്നത്തെ മുഖ്യമന്ത്രി പി.കെ.വാസുദേവൻ നായരാണ് തറക്കല്ലിട്ടത്. 1981 ജൂലായ് അഞ്ചിന് ഗതാഗതത്തിന് തുറന്നു കൊടുത്തത്. 26മീറ്റർ നീളമുള്ള പാലത്തിന് എട്ടുമീറ്റർ വീതിയേ ഉള്ളു. ഇത് പലപ്പോഴും ഗതാഗത തടസം ഉണ്ടാക്കിയിരുന്നു. മന്ത്രി ജി.സുധാകരൻ താൽപര്യമെടുത്ത് 2016 ആഗസ്റ്റ് എഴിന് പാലത്തിന്റെ പുനർനിർമ്മാണ പ്രവർത്തനം തുടക്കമി​ട്ടു. ഗതാഗതക്കുരുക്കി​ന് പരി​ഹാരമാകാത്തതിനെ തുടർന്നാണ് പഴയ പാലം നിലനിർത്തി പുതിയ പാലം പണിയുവാൻ പദ്ധതി തയ്യാറാക്കിയത്. ഇരുപാലത്തിന്റെയും നിർമ്മാണം പൂർത്തീകരിക്കുന്നതോടെ നഗരത്തിലെ ഗതാഗത കുരുക്ക് ഭാഗികമായി ഇല്ലാതാക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് അധികാരികൾ.

........................................

28.45

28.45 കോടി രൂപയാണ് ശവക്കോട്ടപ്പാലം നി​ർമാണത്തി​ന്റെ ചെലവ്

26

26മീറ്റർ നീളത്തിലാണ് പാലം നി​ർമി​ക്കുന്നത്

12

12മീറ്ററാണ് പാലത്തി​ന്റെ വീതി

......................................