സ്കൂൾ വിപണിയിലേക്ക് പുതിയ സ്റ്റോക്കെത്താൻ വൈകും
പഴയ സ്റ്റോക്കുകൾ മിനുക്കി പ്രദർശിപ്പിച്ച് കച്ചവടക്കാർ
ആലപ്പുഴ: കൊവിഡ് ഭീതിമൂലം അദ്ധ്യയനം എന്ന് ആരംഭിക്കുമെന്ന് വ്യക്തതയില്ലാത്തതിനാൽ സ്കൂൾ വിപണി ഇത്തവണ പരുങ്ങലിലാണ്. വർഷത്തിൽ ഏറ്റവുമധികം കച്ചവടം കിട്ടുന്ന സീസണിൽ കടയിലെ ഓൾഡ് സ്റ്റോക്കിന്റെ പൊടി തുടച്ചിരിക്കേണ്ട ഗതികേടിലാണ് വ്യാപാരികൾ. പുത്തൻ യൂണിഫോമും വർണ്ണക്കുടകളും ഇഷ്ട ബാഗുമെല്ലാം വിപണിയിലെത്താൻ കാലതാമസുമുണ്ടാകും.
രണ്ട് മാസത്തോളം അടഞ്ഞുകിടന്ന കടകൾ തുറന്നെങ്കിലും സ്കൂൾ വിപണിക്കുള്ള പുതിയ സ്റ്റോക്കില്ല. ചില മൊത്തക്കച്ചവടക്കാർ പഴയ സ്റ്റോക്ക് മിനുക്കി പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും വാങ്ങാൻ ആളില്ല. മുംബയ്, രാജസ്ഥാൻ, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് യൂണിഫോം തുണികൾ എത്തുന്നത്. ചെരുപ്പിന് പ്രധാനമായും ബംഗളുരുവിലെ കച്ചവടകേന്ദ്രങ്ങളാണ് ആശ്രയം. ബാഗും കുടയും കേരളത്തിൽ തന്നെ ആവശ്യത്തിന് ഉത്പാദിപ്പിക്കുന്നുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നൽകുന്ന ഓർഡർ അനുസരിച്ച് മാർച്ച് അവസാനത്തോടെ സ്റ്റോക്ക് കടകളിലെത്തുന്നതാണ് പതിവ് രീതി. ഇത്തവണയും വ്യാപാരികൾ ഓർഡർ നൽകിയെങ്കിലും ചരക്കുമായി പുറപ്പെട്ട വാഹനങ്ങൾ പലതും ലോക്ക്ഡൗണിൽപ്പെട്ടു. രാജ്യം ഒന്നാകെ ലോക്കായതോടെ ഫാക്ടറികളിൽ ഉത്പാദനവും നിലച്ചു. ഇളവ് വന്ന സംസ്ഥാനങ്ങളിലാവട്ടെ, ഉത്പാദനം ആരംഭിക്കാൻ അസംസ്കൃത വസ്തുക്കൾ കിട്ടാനില്ല. പണിയെടുക്കാൻ അന്യസംസ്ഥാന തൊഴിലാളികളുമില്ല!
യൂണിഫോമുകൾ റെഡിമെയ്ഡായി എത്തിച്ച് നൽകുന്ന കുടിൽ വ്യവസായവും തുണി കിട്ടാനില്ലാത്തതിനാൽ ആരംഭിച്ചിട്ടില്ല. നോട്ട്ബുക്കുകൾ, നെയിംസ്ലിപ്പുകൾ,വാട്ടർ ബോട്ടിലുകൾ, മറ്റ് പഠനോപകരണങ്ങൾ എന്നിവയുടെ സ്റ്റോക്കും എത്തിയിട്ടില്ല. മഴ ആരംഭിച്ചതോടെ കുടകളുടെ കച്ചവടം ആരംഭിച്ചിട്ടുണ്ട്. പക്ഷേ കുട്ടികൾക്കായുള്ള പുത്തൻ വെറൈറ്റികൾ ഇല്ല. കണ്ടു മടുത്ത ഡിസൈനുകളിലെ പൊടിപിടിച്ച ബാഗുകളാണ് കടകളിലെ പഴയ സ്റ്റോക്കിലിരിക്കുന്നത്.
ക്ളച്ച് പിടിക്കാൻ വൈകും
സ്റ്റോക്കുകൾ എത്തിത്തുടങ്ങിയാലും സ്കൂൾ വിപണി ഇത്തവണ അത്ര മിന്നില്ലെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടൽ. ലോക്ക് ഡൗൺ വരുത്തിവെച്ച സാമ്പത്തിക മാന്ദ്യം മൂലം സാധാരണക്കാരിൽ ഭൂരിഭാഗവും പഴയ യൂണിഫോമും ബാഗും സ്കൂൾ വർഷത്തിന്റെ തുടക്കത്തിൽ കുറച്ചുനാളെങ്കിലും ഉപയോഗിക്കാനാണ് സാദ്ധ്യത. ഇത് വ്യാപാരത്തെ കാര്യമായി ബാധിക്കും. ലോക്ക് ഡൗണിന് ശേഷം കടകൾ തുറന്നെങ്കിലും കച്ചവടം കാര്യമായി നടക്കുന്നില്ല.
......................................
പ്രതിസന്ധികൾ
പുതിയ യൂണിഫോമിന് സ്കൂളുകളിൽ നിന്ന് ഓർഡർ വൈകുന്നു
ഫാക്ടറികളിൽ നിർമ്മാണം പഴയ നിലയിലായില്ല
പൊതുഗതാഗതം പുനരാരംഭിക്കാൻ വൈകുന്നു
ഓർഡറുകൾ എത്തിയാലേ യൂണിഫോം ജോടിയായി വിൽക്കാനാവൂ
ക്ലാസുകൾ ഓൺലൈനിൽ തുടർന്നാൽ കച്ചവടം പൊളിയും
ഭൂരിഭാഗം കടകളിലും പഴയ സ്റ്റോക്കുമില്ല
..........................................
ബസുകൾ ഓട്ടം ആരംഭിച്ചാൽ മാത്രമേ കച്ചവടം നടക്കൂ. അദ്ധ്യയനം ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചാലും ഇപ്രാവശ്യം കാര്യമായ വിപണി പ്രതീക്ഷിക്കുന്നില്ല. ഫാക്ടറികൾ പലതും ലോക്ക് ഡൗണിലാണ്. സാധനങ്ങളെത്താൻ വൈകും
അഷ്റഫ്, ചെരുപ്പുകട ഉടമ
.............................................
സ്കൂളുകളിൽ നിന്ന് യൂണിഫോമിനുള്ള ഓർഡറുകൾ ലഭിച്ചുതുടങ്ങിയിട്ടില്ല. വിൽപ്പനയ്ക്കുള്ള സ്റ്റോക്കും കടയിലില്ല. തുണി എത്തിക്കുന്ന തമിഴ്നാട്ടിലെ മില്ലുകളുടെ പ്രവർത്തനം പുനരാരംഭിക്കാൻ വൈകുകയാണ്
വസ്ത്രവ്യാപാരി